കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ മഴക്കളിക്കൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. 11 പന്ത് ബാക്കി നില്‍ക്കെ ഒമ്പത് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. 8.2 ഓവറില്‍ 96 റണ്‍സെടുത്ത് നില്‍ക്കെ മഴ വില്ലനായതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 125 റണ്‍സായി പുനര്‍നിശ്ചയിച്ചു.

എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കെ.എല്‍ രാഹുലും ക്രിസ് ഗെയ്‌ലും പഞ്ചാബിന് അനായാസ വിജയം സമ്മാനിച്ചു. കെ.എല്‍ രാഹുല്‍ 27 പന്തില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സുമടക്കം 60 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഗെയ്ല്‍ 38 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബ് വിജയിക്കുമ്പോള്‍ രണ്ടു റണ്‍സുമായി മായങ്ക് അഗര്‍വാളായിരുന്നു ഗെയ്‌ലിനൊപ്പം ക്രീസിലുണ്ടായിരുന്നത്.

നേരത്തെ ഏഴു വിക്കറ്റില്‍ 191 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 41 പന്തില്‍ 74 റണ്‍സെടുത്ത ക്രിസ് ലിന്നാണ് കൊല്‍ക്കത്തയുടെ ടോപ്പ് സ്‌കോറര്‍. 28 പന്തില്‍ 43 റണ്‍സുമായി ദിനേശ് കാര്‍ത്തിക്ക് ക്രിസ് ലിന്നിന് പിന്തുണ നല്‍കി. എന്നാല്‍ ഇടയ്ക്ക്‌ മഴ പെയ്തതും ഗെയ്‌ലിന്റേയും രാഹുലിന്റേയും ബാറ്റിങ്ങും കൊല്‍ക്കത്തയ്ക്ക് തടുക്കാനായില്ല. 

Content Highlights: Gayle, Rahul fifties seal dominating 9-wicket win for Punjab