ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന കോടിക്കണിന് രൂപ വേണ്ടെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റില്‍ ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഗംഭീറിന്റെ തീരുമാനം. ഐ.പി.എല്ലില്‍ 2.8 കോടി രൂപയാണ് ഗംഭീറിന്റെ ശമ്പളം.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്യാപ്റ്റന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ശമ്പളം വേണ്ടെന്ന് വെയ്ക്കുന്നത്. 'ഈ സീസണില്‍ ഡല്‍ഹി ടീം മാനേജ്‌മെന്റ് തനിക്ക് ശമ്പളം തരേണ്ടെന്ന് ഗംഭീര്‍ തീരുമാനിക്കുകയായിരുന്നു. ഐ.പി.എല്ലില്‍ ഇനിയുള്ള ഡല്‍ഹിയുടെ എല്ലാ മത്സരങ്ങളും സൗജന്യമായിട്ടാണ് ഗംഭീര്‍ കളിക്കുക.' പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിമാനത്തിന് വില കല്‍പ്പിക്കുന്ന വ്യക്തിയാണ് ഗംഭീറെന്നും പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ഐ.പി.എല്ലില്‍ നിന്ന് വിരമിക്കാന്‍ ഗംഭീര്‍ തീരുമാനിച്ചിരുന്നതായിരും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ശ്രേയസ് അയ്യരാണ് ഇനിയുള്ള മത്സരങ്ങളില്‍ ഡല്‍ഹിയെ നയിക്കുക.

Content Highlights: Gautam Gambhir to forego Rs 2.8 crore IPL 2018 salary for Delhi Daredevils