ന്യൂഡല്‍ഹി:  ഐ.പി.എല്‍ ടീം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നുവെന്നും ടീം മാനേജ്‌മെന്റ് യാതൊരുവിധത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും ഗൗതം ഗംഭീര്‍. ടീമിന് വേണ്ടി കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ സാധിച്ചില്ലെന്നും ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതെന്നും ഗംഭീര്‍ വ്യക്തമാക്കി.

'ഞങ്ങളിപ്പോഴും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല. ചിലപ്പോള്‍ നിങ്ങളുടെ മനസ് പറയും ഇതാണ് ശരിയായ സമയമെന്ന്. അങ്ങനെ മനസ് പറയുന്നത് കേട്ടുവെന്ന് മാത്രം. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. കാര്യങ്ങള്‍ മാറ്റിമറിക്കാനുള്ള ടീം ഞങ്ങളുടെ പക്കലുണ്ട് എന്നു തന്നെയാണ് കരുതുന്നത്.' ഗംഭീര്‍ വ്യക്തമാക്കി. 

'കൊല്‍ക്കത്ത വിട്ട് ഡല്‍ഹിയിലേക്ക് വന്നത് എന്റെ വൈകാരികമായ തീരുമാനമായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെ പരാജയങ്ങള്‍ സംഭവിക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ എന്റെ ക്യാപ്റ്റന്‍സിയുടെ പരാജയമായിരിക്കാം എന്ന ഉത്തരമാണ് ലഭിച്ചത്. അതാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍. കൊല്‍ക്കത്ത ടീമിന്റെ ഭാഗമാകുമ്പോള്‍ 28 വയസായിരുന്നു എനിക്ക്. ഇപ്പോള്‍ 36 ആയി. അതായിരിക്കാം ഒരു കാരണം. 28-ാം വയസ്സില്‍ സമ്മര്‍ദം അതിജീവിക്കുന്നതു പോലെ അത്ര എളുപ്പമല്ല 36-ാം വയസ്സില്‍' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ഏഴു വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിച്ച ശേഷം ഗംഭീര്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവരികയായിരുന്നു. തന്റെ ഹോം ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ കളിക്കുക എന്നതായിരുന്നു ആ മാറ്റത്തിന് പിന്നില്‍. എന്നാല്‍ ആറു മത്സരത്തിന് ശേഷം ഗംഭീര്‍ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയായിരുന്നു. ശ്രേയസ് അയ്യരാണ് പുതിയ ക്യാപ്റ്റന്‍. 

Content Highlights: Gautam Gambhir On Delhi Dare Devils Captiancy Resignation