കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. 12 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

31 പന്തില്‍ പുറത്താകാതെ 41 റണ്‍സടിച്ച ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. 42 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ലിന്നാണ് ടോപ്പ് സ്‌കോറര്‍. നിധീഷ് റാണയും സുനില്‍ നരെയ്‌നും 21 റണ്‍സ് വീതം അടിച്ചു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ് രാജസ്ഥാനായി ബൗളിങ്ങില്‍ തിളങ്ങി.

നേരത്തെ 142 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ ഔട്ടാകുകയായിരുന്നു. ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് കൊല്‍ക്കത്ത എല്ലാവരേയും പുറത്താക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് രാജസ്ഥാന്‍ തകരുകയായിരുന്നു. ഓപ്പണര്‍മാരായ ത്രിപതി 27 റണ്‍സും ബട്‌ലര്‍ 39 റണ്‍സും അടിച്ചു. നാല് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ ക്രീസ് വിട്ടു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് രാജസ്ഥാന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്.

Content Highlights: Dinesh Karthik Hits a Six to Take KKR Home by 6 Wickets Against RR