ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പതിനൊന്നാം സീസണ്‍ പ്ലേ ഓഫ് കാണാതെ പുറത്ത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ ഡല്‍ഹിയോട് 11 റണ്‍സിന് തോറ്റതോടെയാണ് മുംബൈയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ മറുപടി 163 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഡല്‍ഹി- 20 ഓവറില്‍ 174/4, മുംബൈ- 19.3 ഓവറില്‍ 163/10. മുംബൈ പുറത്തായതോടെ ഇനി പ്ലേ ഓഫിലെത്താന്‍ സാധ്യത നാലാം സ്ഥാനത്തുള്ള രാജസ്ഥാനും പഞ്ചാബിനുമാണ്. ചെന്നൈയ്‌ക്കെതിരേ ഇന്ന് വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ പഞ്ചാബിന് രാജസ്ഥാനെ പിന്നിലാക്കി പ്ലേ ഓഫിലെത്താം. 

അര്‍ധ സെഞ്ച്വറി നേടിയ ഋഷഭ് പന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുംബൈ ബാറ്റിങ്ങ് നിരയെ തളര്‍ത്തിയ സന്തീപ് ലാമിച്ചാനെയും ഹര്‍ഷല്‍ പട്ടേലും അമിത് മിശ്രയുമാണ് ഡല്‍ഹിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 175 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ മുംബൈയുടെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. 31 പന്തില്‍ 48 റണ്‍സോടെ എവിന്‍ ലൂയിസ് ടീമിനെ മുന്നോട്ടു നയിച്ചെങ്കിലും 78 റണ്‍സെടുക്കുന്നതിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് മുംബൈ വന്‍ പ്രതിസന്ധിയിലായി. എന്നാല്‍ അവസാന നിമിഷം 17 പന്തില്‍ 27 റണ്‍സോടെ ഹര്‍ദ്ദിക്ക് പാണ്ഡ്യയും 20 പന്തില്‍ 37 റണ്‍സോടെ ബെന്‍ കട്ടിങ്ങും കത്തിക്കയറിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ അര്‍ധസെഞ്ച്വറി നേടിയ ഋഷഭ് പന്തും (44 പന്തില്‍ 64), വിജയ് ശങ്കറുമാണ് (30 പന്തില്‍ 43) ഭേദപ്പെട്ട നിലയിലെത്തിച്ചത്. കെയ്ന്‍ വില്ല്യംസണിനെ മറികടന്ന് ലീഡിങ് റണ്‍ സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഇന്ന് പന്ത് സ്വന്തമാക്കി. പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ഡല്‍ഹി അവസാന രണ്ടു മത്സരങ്ങളിലും ജയിച്ച് തല ഉയര്‍ത്തിയാണ്  സീസണ്‍ അവസാനിപ്പിച്ചത്.

Content Highlights; Delhi Daredevils vs Mumbai Indians