ഡല്‍ഹി: തുടര്‍ച്ചയായ നാലാം വിജയത്തോടെ ചെന്നൈയെ മറികടന്ന് കിംങ്‌സ് ഇലവന്‍ പഞ്ചാബ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ അവരുടെ സ്വന്തം തട്ടകത്തില്‍ നാല് റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ഒന്നാം സ്ഥാനത്തേക്ക് നടന്നുകയറിയത്. ഗെയിലിന്റെ അഭാവത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 139 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍; പഞ്ചാബ്- 20 ഓവറില്‍ 143/8, ഡല്‍ഹി- 20 ഓവറില്‍ 139/8. 

പഞ്ചാബ് മുന്നേട്ടുവെച്ച താരതമ്യേന ചെറിയ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ഡല്‍ഹിക്കായി 45 പന്തില്‍ 57 റണ്‍സുമായി ശ്രേയ്യസ് അയ്യര്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാനായില്ല. അവസാന പന്തില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്നെങ്കിലും ശ്രേയ്യസ് അയ്യര്‍ ഉയര്‍ത്തിയടിച്ച പന്ത് ഫിഞ്ചിന്റെ കൈകളിലെത്തിയതോടെ പഞ്ചാബ് വിജയം പിടിച്ചെടുത്തു. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രജ്പുതും ടൈയും റഹ്മാനുമാണ് ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് പഞ്ചാബിന് വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത രജ്പുതാണ് കളിയിലെ താരവും.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 143 റണ്‍സിലെത്തിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്ലങ്കറ്റിന്റെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടിന്റെയും അവേശ് ഖാന്റെയും മികച്ച ബൗളിങ്ങാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. 32 പന്തില്‍ 34 റണ്‍സെടുത്ത കരുണ്‍ നായരാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ലീഗില്‍ ഇരുടീമും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോഴും പഞ്ചാബിനായിരുന്നു വിജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു അശ്വിന്റെയും കൂട്ടരുടെയും വിജയം. 

Content Highlights' IPL 2018, Delhi Daredevils vs Kings XI Punjab