പുണെ: നിര്‍ണായകമായ അവസാന മത്സരത്തില്‍ ചെന്നൈയോട് അഞ്ചു വിക്കറ്റിന് തോറ്റ് കിംങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 5 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ചെന്നൈ മറികടന്നത്. മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ മാത്രമേ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതയുണ്ടാരുന്നുള്ളു. എന്നാല്‍ അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന റെയ്‌നയുടെ പിന്‍ബലത്തില്‍ ചെന്നൈ വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: പഞ്ചാബ്- 19.4 ഓവറില്‍ 153/10. ചെന്നൈ- 19.1 ഓവറില്‍ 159/5. 

പഞ്ചാബിന്റെ തോല്‍വിയോടെ രാജസ്ഥാന്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ചെന്നൈയ്ക്ക് പുറമേ ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ്‌വീശിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 58 റണ്‍സ് എടുക്കുന്നതിനിടയില്‍ അമ്പാട്ടി റായ്ഡു, ഡു പ്ലെസിസ്, ബില്ലിങ്‌സ്, ഹര്‍ഭജന്‍ സിങ് എന്നിവരെ നഷ്ടമായ ചെന്നൈയെ റെയ്‌ന-ചഹാര്‍ സഖ്യമാണ് കരകയറ്റിയത്. 48 പന്ത് നേരിട്ട റെയ്‌ന പുറത്താകാതെ 61 റണ്‍സും ചഹാര്‍ 20 പന്തില്‍ 39 റണ്‍സും നേടി പുറത്തായി. 7 പന്ത് നേരിട്ട ധോനി 16 റണ്‍സോടെ പുറത്താകാതെ നിന്നു, 

നേരത്തെ അര്‍ധസെഞ്ച്വറി നേടിയ കരുണ്‍ നായരുടെ (26 പന്തില്‍ 54) മികവിലാണ് പഞ്ചാബ്‌ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നാല് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതെടുത്ത എന്‍ഗിഡിയാണ് പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. പഞ്ചാബിനായി അങ്കിത് രജ്പുത്, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഇനി ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയര്‍ മാച്ചില്‍ ഹൈദരാബാദും ചെന്നൈയും പരസ്പരം ഏറ്റുമുട്ടും. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. ബുധനാഴ്ച നടക്കുന്ന കൊല്‍ക്കത്ത-രാജസ്ഥാന്‍ എലിമിനേറ്ററില്‍ ജയിക്കുന്ന ടീം ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമിനോട് ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീം 27-ന് മുംബൈയില്‍ നടക്കുന്ന കലാശപ്പോരിലെത്തും. 

Content Highlights; Chennai Super Kings vs Kings XI Punjab