ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്‌ലയില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് വിജയിച്ചപ്പോള്‍ അതില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് നിര്‍ണായകമായിരുന്നു. 40 പന്ത് നേരിട്ട് 70 റണ്‍സാണ് കോലി നേടിയത്. ഈ വിജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു.

എന്നാല്‍ മത്സരത്തിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ബാംഗ്ലൂരിന്റെ ഇന്നിങ്‌സിലെ ഏഴാം ഓവറിലായിരുന്നു ആ സംഭവം. 18 പന്തില്‍ 40 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു കോലി. ഇതിനിടയില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ബൗളര്‍മാരെ പ്രചോദിപ്പിക്കാനായി കൈയടിക്കാന്‍ തുടങ്ങി. ഒപ്പം ഉറക്കെ സംസാരിക്കുകയും ചെയ്തു. ഇതോടെ കോലിക്ക് ശ്രദ്ധ നഷ്ടപ്പെട്ടു. തുടര്‍ന്ന് ബാറ്റിങ് നിര്‍ത്തി കോലി ഡല്‍ഹി യുവതാരത്തോട് സംസാരിച്ചു. ചിരിച്ചുകൊണ്ടാണ് ഇരുവരും സംസാരിച്ചത്.

ഇങ്ങനെ ഒച്ചയുണ്ടാക്കിയാല്‍ ഞാന്‍ എങ്ങനെ ബാറ്റു ചെയ്യും എന്നാണ് കോലി പറഞ്ഞതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഐ.പി.എല്ലിന്റെ ട്വിറ്റര്‍ പേജില്‍ വീഡിയോ ട്വീറ്റ് ചെയ്തതോടെ നിരവധി ആരാധകര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചില ആരാധകര്‍. 

 Content Highlights: Cheeky Rishabh Pant catches Virat Kohli's attention