മുംബൈ: ഐ.പി.എല്ലില്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളാണ് ബേസില്‍ തമ്പിയും സഞ്ജു വി സാംസണും. സഞ്ജു രാജസ്ഥാന്‍ റോയല്‍സിനായി മികച്ച ബാറ്റിങ് പുറത്തെടുത്ത് മുന്നേറുമ്പോള്‍ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമാണ് ബേസില്‍ തമ്പിക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ആ ഒരൊറ്റ മത്സരത്തിലൂടെ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ബേസില്‍ തന്റെ ബൗളിങ് മികവ് തെളിയിച്ചു.

മുംബൈ ഇന്ത്യന്‍സിനെതിരെ റാഷിദ് ഖാനും സിദ്ധാര്‍ത്ഥ് കൗളും ബേസിലുമടങ്ങുന്ന ബൗളിങ് നിരയാണ് ഹൈദരാബാദിന് വിജയമൊരുക്കിയത്. അവസാന ഓവറുകളില്‍ മാത്രം പന്തെറിയാനെത്തിയ ബേസില്‍ ആകെ 11 പന്താണ് ചെയ്തത്. അതില്‍ നിര്‍ണായകമായ രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

15-ാം ഓവറിലാണ് ബേസില്‍ പന്തെറിയാനെത്തിയത്. മുംബൈ ഇന്ത്യന്‍സിന് ആ സമയത്തും വിജയപ്രതീക്ഷയുണ്ടായിരുന്നു. അഞ്ചു വിക്കറ്റിന് 75 റണ്‍സെന്ന നിലയിലായിരുന്ന മുംബൈയ്ക്കായി ക്രീസിലുണ്ടായിരുന്നത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സൂര്യകുമാര്‍ യാദവും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. ഇരുവരും കളി ജയിപ്പിക്കാന്‍ കഴിയുള്ളവര്‍. അതും സൂര്യകുമാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്നു. എന്നാല്‍ ലെഗ് സ്റ്റമ്പിന് പുറത്ത് ഷോര്‍ട്ട് ലെങ്തില്‍ ബേസില്‍ എറിഞ്ഞ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് അടിച്ച സൂര്യകുമാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി.  പന്ത് സുരക്ഷിതമായി റാഷിദ് ഖാന്റെ കൈകളിലെത്തി. ഇതോടെ ഈ സീസണില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മലയാളി താരം വിക്കറ്റെടുത്തു. അതും വിജയത്തില്‍ നിര്‍ണായകമായ ഒരു വിക്കറ്റ്.

പിന്നീട് 19-ാം ഓവറിലാണ് ബേസില്‍ ബൗള്‍ ചെയ്യാനെത്തിയത്. ആ സമയത്ത് ഹൈദരാബാദ് വിജയമുറപ്പിച്ചിരുന്നു. ഒരു വിക്കറ്റ് കൂടി വീണാല്‍ ഹൈദരാബാദിന് വിജയം നേടാനാകും. ജസ്പ്രീത് ബുംറയും മുസ്തഫിസുര്‍ റഹ്മാനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞ് ബേസില്‍ മുസ്തഫിസുറിനെ സമ്മര്‍ദത്തിലാക്കി. വേഗത കൂടിയ പന്ത് നേരിടാന്‍ ബുദ്ധിമുട്ടിയ മുസ്തഫിസുറിന് വേഗത് കുറച്ച് ബേസില്‍ കെണിയൊരുക്കി. മലയാളി താരത്തിന്റെ കണക്കുകൂട്ടല്‍ പോലെത്തന്നെ പന്ത് അടിച്ചകറ്റാന്‍ ശ്രമിച്ച മുസ്തഫിസുറിന് പിഴച്ചു. ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കി മുസ്തഫിസുര്‍ പുറത്തായി. ഹൈദരാബാദ് വിജയിക്കുകയും ചെയ്തു.

 Content Highlights: Basil Thampi's first over is SK Turning Point of the match