ന്യൂഡല്‍ഹി: വിരാട് കോലിയും എബി ഡിവില്ല്യേഴ്സും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം സമ്മാനിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 118 റണ്‍സാണ് അടിച്ചു. വിരാട് കോലി പുറത്തായതിന് ശേഷം ഡിവില്ല്യേഴ്സാണ് ബാംഗ്ലൂരിന്റെ കപ്പിത്താനായത്. 

മനോഹരമായ ഷോട്ടുകളിലൂടെയായിരുന്നു ഡിവില്ല്യേഴ്സ് റണ്‍സ് കണ്ടെത്തിയത്. അതില്‍ 19-ാം ഓവറിലെ ഒരു സിക്‌സ് കണ്ട് ഡഗ് ഔട്ടിലിരിക്കുകയായിരുന്ന കോലി വരെ വാ പൊളിച്ചു. ട്രെന്റ് ബൗള്‍ട്ടായിരുന്നു ഡിവില്ല്യേഴ്സിന്റെ ഇര. ഡിവില്ല്യേഴ്സിന്റെ തന്ത്രം മനസ്സിലാക്കി ബൗള്‍ട്ട് ഓഫ് സ്റ്റമ്പിന് പുറത്ത് ഒരു ഫുള്‍ ടോസ് എറിഞ്ഞു. എന്നാല്‍ അതൊന്നും ഡിവില്ല്യേഴ്സിനെ പരീക്ഷിക്കുന്നതായിരുന്നില്ല. സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ ആ പന്ത് ഡിവില്ല്യേഴ്സ് സിക്‌സിലേക്ക് പറത്തി.

ഇതുകണ്ട് കാണികളും കളിക്കാരും അമ്പരന്നു. ഡഗ് ഔട്ടിലിരിക്കുകയായിരുന്ന കോലി ആശ്ചര്യത്തോടെ വാ പൊളിച്ച് മുഖത്ത് കൈവെച്ചാണ് ഈ സിക്‌സിനെ വരവേറ്റത്. 37 പന്തില്‍ 72 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ താരം പുറത്താകാതെ നിന്നു.

Content Highlights: AB de Villiers Masterful Six Gets Priceless Reaction From Virat Kohli