ജയ്പൂര്‍: വിജയം അനിവാര്യമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 15 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്നേട്ടുവച്ച 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. പഞ്ചാബിനായി 70 പന്തില്‍ 95 റണ്‍സോടെ പുറത്താകാതെ നിന്ന കെഎല്‍ രാഹുല്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും അര്‍ഹിച്ച ജയം രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍; രാജസ്ഥാന്‍- 20 ഓവറില്‍ 158/8, പഞ്ചാബ്- 20 ഓവറില്‍ 143/7.     . 

രാഹുലിന് പുറമേ 16 പന്തില്‍ 11 റണ്‍സ് നേടിയ സ്റ്റോനിക്‌സ് മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്നത്. അധികം റണ്‍സ് വിട്ടുകൊടുക്കാതെ കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ബൗളര്‍മാരാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ജയത്തോടെ 10 മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് മുന്നേറി. രാജസ്ഥാനായി മൂന്ന് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൃഷ്ണപ്പ ഗൗതം രണ്ട് വിക്കറ്റ് വീഴ്ത്തി. സോദി, ബെന്‍ സ്‌റ്റോക്ക്‌സ്, ജയദേവ് ഉനത്കഠ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അര്‍ധസെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറുടെ (58 പന്തില്‍ 82 റണ്‍സ്) പിന്‍ബലത്തിലാണ്  ഭേദപ്പെട്ട നിലയിലെത്തിയത്. ബട്ട്‌ലറാണ് കളിയിലെ താരവും. പഞ്ചാബിനായി ആന്‍ഡ്രു ടൈ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തി. മുജീബ് റഹ്മാന്‍ രണ്ടും മാര്‍ക്കസ് സ്റ്റോനിക്സ് ഒരു വിക്കറ്റും നേടി. തോറ്റെങ്കിലും 10 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുള്ള കിംങ്‌സ് ഇലവന്‍ പഞ്ചാബ് മൂന്നാം സ്ഥാനത്ത് തുടരും. 10 മത്സരത്തില്‍ നിന്ന് 16 പോയന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

Content Highlights; 2018 IPL, Rajasthan Royals vs Kings XI Punjab