മുംബൈ: ഒന്നര മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച തുടക്കമാകുമ്പോള്‍ കന്നിപ്പോരാട്ടം മുന്‍ ചാമ്പ്യന്മാര്‍ തമ്മിലാണ്. മൂന്നു തവണ (2013, 15, 17) കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ്, ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നു.
 
2010-ലും 11-ലും ജേതാക്കളായ ധോനിയുടെ മഞ്ഞപ്പട വാതുവെപ്പ് വിവാദത്തില്‍പ്പെട്ട് രണ്ടുവര്‍ഷത്തെ വിലക്കിനുശേഷമാണ് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുന്നത്. ഒരു ഭാഗത്ത് ക്യാപ്റ്റന്‍ കൂള്‍ ആയ ധോനിയും മറുഭാഗത്ത് യുവത്വത്തിന്റെ പ്രതീകമായ രോഹിത് ശര്‍മയും ടീമിനെ നയിക്കുമ്പോള്‍ മൈതാനത്ത് മത്സരം കടുക്കും.
 
നിലവിലുള്ള ജേതാക്കള്‍ എന്നത് മുംബൈ ടീമിന്റെ സമ്മര്‍ദം കൂട്ടില്ലെന്ന് കഴിഞ്ഞദിവസം രോഹിതും കോച്ച് മഹേല ജയവര്‍ധനയും പറഞ്ഞിരുന്നു.എങ്കിലും കിരീടം നിലനിര്‍ത്തുക എന്ന വാശിയില്‍ മുംബൈ എത്തുമ്പോള്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുക എന്നതായിരിക്കും ചെന്നൈയുടെ ലക്ഷ്യം. അതിനാല്‍ ആദ്യമത്സരം ഇരു ടീമുകള്‍ക്കും പ്രധാനമാണ്. ആരാധകര്‍ ഏറെയുള്ള ടീമുകളാണ് രണ്ടും എന്നതും വാശി കൂട്ടുന്നു.
 
കഴിഞ്ഞവര്‍ഷംവരെ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന സ്​പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനെ മുന്നില്‍ നിര്‍ത്തിയാകും ചെന്നൈ ആക്രമണം ആസൂത്രണം ചെയ്യുക. മുംബൈയുടെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി അറിയുന്ന മറ്റൊരാളില്ല. സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും ഡൂ പ്ലസിസും ഡ്വയ്ന്‍ ബ്രാവോയും ഷെയ്ന്‍ വാട്സണും ധോനിയോടൊപ്പം ചേരുമ്പോള്‍ ആര്‍ക്കുമുന്നിലും ചെന്നൈ വന്‍മതിലാകും.
 
ജസ്​പ്രീത് ബുംറ, മുസ്താഫിസുര്‍ റഹ്മാന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാള്‍ പാണ്ഡ്യ, ആദിത്യ താരെ എന്നിവര്‍ അണിനിരക്കുന്ന മുംബൈയുടെ ശക്തി ഈ യുവനിരതന്നെയാണ്. മത്സരം രാത്രി എട്ടു മണിക്ക് തുടങ്ങും.
 
Content Highlights: Indian Premier League Starts today