ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണ്‍ ശനിയാഴ്ച്ച തുടങ്ങാനിരിക്കെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദയ്‌ക്കേറ്റ പരിക്കാണ് ഡല്‍ഹിയെ കുഴക്കുന്നത്. 4.2 കോടി രൂപ മുടക്കിയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളറെ ടീമിലെത്തിച്ചത്. 

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ റബാദയ്ക്ക് കടുത്ത പുറംവേദന അനുഭവപ്പെടുകയായിരുന്നു. മൂന്നാഴ്ച്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കാന്‍ റബാദയ്ക്ക് കഴിയില്ല. 

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് ദക്ഷിണാഫ്രിക്കന്‍ താരം. കഴിഞ്ഞ സീസണിലും റബാദ ഡല്‍ഹി നിരയില്‍ തന്നെയായിരുന്നു കളിച്ചിരുന്നത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഡല്‍ഹിക്ക്് അവസരമുണ്ട്. ഏപ്രില്‍ എട്ടിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

Content Highlights: Huge blow for Delhi Daredevils as Kagiso Rabada ruled out of IPL with back injury