എത്ര വമ്പന്‍ താരമായാലും കാര്യമില്ല. ഫോമില്ലെങ്കില്‍ ഐ.പി.എല്‍ ടീമുകളില്‍ സ്ഥാനമില്ല. ഫോമില്ലായ്മയുടെ പേരില്‍ തഴയപ്പെടുന്ന താരങ്ങളുടെ എണ്ണം കൂടിവരികയാണ് പതിനൊന്നാം ഐ.പി.എല്ലില്‍. ടീമിന്റെ മോശപ്പെട്ട പ്രകടനത്തിന്റെ പേരില്‍ ആദ്യം സ്ഥാനമൊഴിഞ്ഞത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് നായകന്‍ ഗൗതം ഗംഭീറാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ നിന്ന് ഗംഭീര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ നിന്ന് പൊള്ളാര്‍ഡിനെ രോഹിത് ശര്‍മയും ഒഴിവാക്കി. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ നിന്ന് യുവരാജ്‌സിങ്ങിനെ തഴയാന്‍ ആര്‍.അശ്വിനും മടിയുണ്ടായില്ല.

എന്നാല്‍, ഐ.പി.എല്ലില്‍ വലിയ താരവൃന്ദമുള്ള യുവരാജിന്റെ തഴയല്‍ അത്ര നല്ല രീതിയിലല്ല സ്വീകരിക്കപ്പെട്ടത്. മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈ ചോദ്യം ഉയര്‍ന്നുവരികയും ചെയ്തു. എന്നാല്‍, ചോദ്യത്തോട് ക്ഷുഭിതനായാണ് അശ്വിന്‍ പ്രതികരിച്ചത്.

എന്ത്, എന്ത് അപ്‌ഡേറ്റ്. ഞാന്‍ വ്യക്തമായി പറഞ്ഞതാണ് യുവരാജിന് പകരം മനോജ് തിവാരിയായിരിക്കും കളിക്കുക എന്ന്-മറുപടി പറയുമ്പോള്‍ അശ്വിന് ദേഷ്യം അടക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈ മറുപടിയോട് രൂക്ഷമായാണ് ട്വിറ്ററിലെ യുവരാജ് ആരാധകരുടെ പ്രതികരണം. യുവരാജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്തൊരു പരുക്കന്‍ മറുപടിയാണ് മനുഷ്യാ... നിങ്ങള്‍ കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കട്ടെ എന്ന് ആശംസിക്കുന്നു- എന്നായിരുന്നു യുവരാജ് സിങ് ഫാന്‍ ക്ലബ് എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ്.

ടീമിന്റെ മുന്‍ നായകന്‍ കൂടിയായ യുവരാജ് ഇതുവരെയായി ആറു മത്സരങ്ങളില്‍ നിന്ന് 50 റണ്‍സാണ് നേടിയത്. വിക്കറ്റൊന്നും നേടിയിട്ടുമില്ല. ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ടീം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച പഞ്ചാബ് യുവരാജ് ഇല്ലാതെ കളിച്ച ഏഴാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനോട് 13 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

Content Highlights: Yuvraj Singh excluded Ravichandran Ashwin Kings XI Punjab Sunrisers Hyderabad