ഹൈദരാബാദ്: ഐ.പി.എല്ലില്‍ മികച്ച ഫോമിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീം. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ കളിക്കുന്നില്ലെങ്കിലും ആ കുറവ് ഹൈദരാബാദ് ടീം നികത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ 78 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ഓപ്പണറുടെ റോള്‍ നന്നായി ചെയ്യുന്നുണ്ട്.

എന്നാല്‍ ഗ്രൗണ്ടില്‍ മാത്രമല്ല, ഗ്രൗണ്ടിന് പുറത്തും സൂപ്പര്‍ കൂളാണ് ഡല്‍ഹി സ്വദേശിയായ ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍. ഇന്ത്യന്‍ ടീമില്‍ കുസൃതിയൊപ്പിക്കുന്നത് പോലെയൊരു കുസൃതി ഹൈദരാബാദ് ടീമിലും ധവാന്‍ ഒപ്പിച്ചു. കഴിഞ്ഞ ദിവസം ധവാന്റെ ഇരയായത് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും ബംഗ്ലാദേശ് താരം ഷാക്കിബുല്‍ ഹസ്സനുമാണ്.

വിമാനയാത്രക്കിടെയായിരുന്നു ധവാന്‍ സഹതാരങ്ങള്‍ക്ക് പണികൊടുത്തത്. ഉറങ്ങുകയായിരുന്ന ഇരുവരുടേയും മൂക്കില്‍ പഞ്ഞികൊണ്ട് തോണ്ടി ധവാന്‍ ശല്ല്യപ്പെടുത്തി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ഇരുവരും ഞെട്ടിയുണരുകയും ചെയ്തു. ഇതുകണ്ട് സഹതാരങ്ങള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

Content Highlights: When Shikhar Dhawan played a prank on SRH mates Shakib Al Hasan and Rashid Khan