മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പൊട്ടിത്തെറിച്ച് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിലെ 19-ാം ഓവറിലായിരുന്നു സംഭവം. ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു കോലി അമ്പയര്‍മാരോട് ദേഷ്യപ്പെട്ടത്. 

ക്രിസ് വോക്‌സിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച ഹാര്‍ദികിന് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തി. ഫീല്‍ഡ് അമ്പയര്‍മാര്‍ ഔട്ടും വിളിച്ചു. എന്നാല്‍ ഹാര്‍ദിക് റിവ്യൂ ആവശ്യപ്പെട്ടു. തുടര്‍ന്ന് റീ പ്ലേ കണ്ട് തേര്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിക്കുകയായിരുന്നു. പക്ഷേ ഹാര്‍ദികിന്റെ ബാറ്റില്‍ പന്തുരസിയെന്ന സംശയം അപ്പോഴും ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഇതാണ് ബെംഗളൂരു ക്യാപ്റ്റനെ ദേഷ്യം പിടിപ്പിച്ചത്. തന്റെ നിരാശ കോലി അമ്പയര്‍മാരെ അറിയിക്കുകയും ചെയ്തു. 

മത്സരശേഷം ഓറഞ്ച് ക്യാപ്പ് വാങ്ങാനും കോലി മടിച്ചിരുന്നു. ബെംഗളൂരു ദയനീയമായി പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പ് ധരിക്കാന്‍ തോന്നുന്നില്ലെന്നായിരുന്നു കോലിയുടെ പ്രതികരണം. 

Content Highlights: Virat Kohli Loses Cool, Gets Into Argument With Umpire IPL 2018