ഐ.പി.എല്ലില്‍ ചൊവ്വാഴ്ച്ച നടന്ന മുംബൈ ഇന്ത്യന്‍സും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം വിവാദത്തില്‍. മത്സരത്തിനിടയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലെ അബദ്ധമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജസ്പ്രീത് ബുംറയുടെ പന്തില്‍ ഉമേഷ് യാദവ് ഔട്ടായപ്പോള്‍ അത് നോബോളാണോ എന്ന് റീപ്ലേയിലൂടെ പരിശോധിക്കുന്നതിനിടയിലായിരുന്നു വന്‍ അബദ്ധം.

ബെംഗളൂരുവിന്റെ ഇന്നിങ്‌സിലെ 19-ാം ഓവര്‍ ചെയ്യാനെത്തിയത് ബുംറയായിരുന്നു. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ഉമേഷ് യാദവ് ബുംറയുടെ പന്തില്‍ പുറത്തായി. എന്നാല്‍ ബുംറ എറിഞ്ഞത് നോ ബോള്‍ ആണോ എന്ന് പരിശോധിക്കണമായിരുന്നു. ഇതിനായി അമ്പയര്‍ റീപ്ലേ ആവശ്യപ്പെട്ടു. ഈ റീപ്ലേയിലാണ് അബദ്ധം സംഭവിച്ചത്. ബുംറ പന്ത് എറിയുന്നത് കാണിച്ചപ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്നത് ഉമേഷ് യാദവ് തന്നെയായിരുന്നു. ഇതു കണ്ട് കാണികള്‍ അന്തംവിട്ടു. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ഉമേഷ് യാദവ്  എങ്ങനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തി എന്നായിരുന്നു കാണികളുടെ സംശയം. 

യഥാര്‍ത്ഥത്തില്‍ ഉമേഷ് യാദവ് പുറത്താകുമ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്നത് നായകന്‍ വിരാട് കോലിയായിരുന്നു. റീപ്ലേയിലെ അബദ്ധം പക്ഷെ ആര്‍ക്കും മനസിലായില്ല. തുടര്‍ന്ന് മത്സരം തുടരുകയും ചെയ്തു. പിന്നീട് ഒരു ആരാധകന്‍ ട്വിറ്ററിലൂടെ പിഴവ് ചൂണ്ടിക്കാണിച്ചതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു. ഈ തെറ്റ് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷിച്ച് വരികയാണ് ഐപിഎല്‍ അധികൃതര്‍. ഐ.പി.എല്ലില്‍ ഒത്തുകളി നടക്കുന്നുണ്ടെന്നുവെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു. 

 Content Highlight: Umesh Yadav Gets Out And Umpires Check For No Ball. Replay Places Batsman At Non-Striker's End