മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിന് തുടക്കം കുറിച്ചതോടെ ആരാധകര്‍ തമ്മിലുള്ള വാക്‌പോരും മുറുകുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡ്വെയ്ന്‍ ബ്രാവോയുടെ സൂപ്പര്‍ പ്രകടനത്തില്‍ മുംബെ ഇന്ത്യന്‍സിനെ തകര്‍ത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായത് ഹാര്‍ദിക് പാണ്ഡ്യയാണ്. 

എന്നാല്‍ കളിയുടെ മികവ് കൊണ്ടല്ല ഹാര്‍ദിക് ചര്‍ച്ചയായത്, ഒരു വീഴ്ച്ച കൊണ്ടാണ്. ആ വീഴ്ചയില്‍ ചെന്നൈ ആരാധകരുടെ പരിഹാസം കേള്‍ക്കാനായിരുന്നു മുംബൈ യുവതാരത്തിന്റെ വിധി. കളിക്കിടെ പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ ഹാര്‍ദികിനെ എടുത്തുകൊണ്ടു പോകുകയായിരുന്നു.

മുംബൈ ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ ബ്രാവോ എറിഞ്ഞ അവസാന പന്തിന് ശേഷമായിരുന്നു ഹാര്‍ദികിന് പരിക്കേറ്റത്. ഡബിളെടുക്കാനുള്ള ശ്രമത്തിനിടെ ഹാര്‍ദിക് ബ്രാവോയുമായി കൂട്ടിയടിച്ച് വീണ് പരിക്കേല്‍ക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ് ഗ്രൗണ്ടില്‍ കിടന്ന ഹാര്‍ദിക്‌ന് അരികിലേക്കെല്ലാവരും ഓടിയെത്തി.

ഈ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രോളിനുള്ള മീം ആയിട്ടാണ് ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നത്. മദ്യപിച്ച് ബോധം പോയാല്‍ ഇങ്ങനെയായിരിക്കുമെന്നാണ് ഒരു ട്രോള്‍. രാവിലെയുള്ള ക്ലാസുകളില്‍ ഒരു വിദ്യാര്‍ഥിയുടെ അവസ്ഥ ഇങ്ങനെയായിരിക്കുമെന്നും ട്രോളുകളുണ്ട്. 

 

 

Content Highlights: This photo of Hardik Pandya from the opening match is now a hit meme