ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം സീസണിലെ ഏറ്റവും മികച്ച ടീമേതെന്ന് ചോദിച്ചാല്‍ ആദ്യ ഉത്തരം - സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിച്ച 10 മത്സരത്തില്‍ എട്ടിലും ജയം. 16 പോയന്റുമായി പ്ലേ ഓഫില്‍ സ്ഥാനമുറപ്പിച്ച ആദ്യ ടീം. ആദ്യ മൂന്ന് കളിയില്‍ ജയം. പിന്നീട് തുടരെ രണ്ട് തോല്‍വി. പിന്നീടങ്ങോട്ട് അഞ്ച് തുടര്‍ വിജയങ്ങള്‍. ഈ വിജയങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാവും. നേടുന്ന സ്കോര്‍ എത്ര ചെറിയതായാലും ബൗളിങ് കരുത്തിലൂടെ ഹൈദരാബാദ് വിജയം നേടിയിരിക്കും. ബൗളിങ്ങാണ് അവര്‍ക്ക് വിജയങ്ങള്‍ കൊണ്ടുവരുന്നത്.
ഈ സീസണില്‍ ഹൈദരാബാദിന്റെ ഉയര്‍ന്ന സ്കോര്‍ 178 റണ്‍സാണ്. ആദ്യം പഞ്ചാബിനെതിരെയും പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേയും ഇതേ സ്കോര്‍ കുറിച്ചു. രണ്ടിലും തോല്‍വിയായിരുന്നു ഫലം. മുംബൈയ്ക്കെതിരെ 118 റണ്‍സിന് പുറത്തായതാണ് ഏറ്റവും മോശം സ്കോര്‍. എന്നാല്‍, ഈ കളിയില്‍ മുംബൈയെ 87 റണ്‍സിന് ഓളൗട്ടാക്കി 31 റണ്‍സിന്റെ വിജയം പിടിച്ചു. പിന്നീടുള്ള കളികളില്‍ ആദ്യം ബാറ്റുചെയ്ത് പഞ്ചാബിനെതിരെ 132, രാജസ്ഥാനെതിരെ 151, ബാംഗ്ലൂരിനെതിരെ 146 എന്നിങ്ങനെ സ്കോര്‍ ചെയ്തു. താരതമ്യേന മോശമായ ഈ സ്കോറുകള്‍ പ്രതിരോധിച്ച് ടീമിന് വിജയം സമ്മാനിച്ചത് ബൗളര്‍മാരാണ്.
സിദ്ധാര്‍ഥ് കൗള്‍ (13 വിക്കറ്റ്), അഫ്ഗാന്കാരന് ലെഗ് സ്പിന്നര്‍ റാഷിദ് ഖാന് (13), ഷക്കീബ് അല്‍ ഹസന് (10), സന്ദീപ് ശര്‍മ (7), ഭുവനേശ്വര്‍ കുമാര്‍ (7) എന്നിവരുടെ പ്രഹരശേഷിയാണ് ഹൈദരാബാദിനെ എത്ര ചെറിയ സ്കോറിലും വിജയം നേടാന്‍ പ്രാപ്തമാക്കുന്നത്. ബൗളിങ് പട്ടികയില്‍ കൗള്‍ നാലും റാഷിദ് അഞ്ചും സ്ഥാനങ്ങളിലാണ്. ഷക്കീബ് 12-ാം സ്ഥാനത്താണെങ്കില്‍ സന്ദീപ് ശര്‍മയും ഭുവനേശ്വറും യഥാക്രമം 21, 22 സ്ഥാനങ്ങളിലാണ്.
ശക്തമായ തുടക്കം കിട്ടിയാലും ഹൈദരാബാദിനെതിരേ വിജയം ഉറപ്പിക്കാന്‍ എതിരാളികള്‍ക്കാവില്ല. തിങ്കളാഴ്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് സംഭവിച്ചത് അതാണ്. ഏത് ഘട്ടത്തിലും കളിയുടെ ഗതി മാറ്റാന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നെന്നതാണ് ഈ അവസ്ഥയ്ക്ക് പിന്നില്‍. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ മൂന്നിന് 75 എന്ന നിലയില്‍ വിജയക്കുതിപ്പിലായിരുന്നു ബാംഗ്ലൂര്‍. എന്നാല്‍, അവസാന 10 ഓവറില്‍ ജയിക്കാന്‍ 72 റണ്‍സ് മതിയെന്ന നിലയില്‍ ബാറ്റുവീശിയ അവര്‍ക്ക് നാല് വിക്കറ്റ് ബാക്കിയുണ്ടായിട്ടും അഞ്ച് റണ്‍സിന്റെ തോല്‍വി വഴങ്ങാനായിരുന്നു വിധി. ബൗളിങ് കൗശലത്തിലൂടെ ബാറ്റ്സ്മാന്മാരെ ശ്വാസം മുട്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്.
മുന്നില്‍ നിന്ന് നയിക്കാന്‍ വില്യംസണ്
ഡേവിഡ് വാര്‍ണര്‍ക്ക് വിലക്ക് വീണതിനെത്തുടര്‍ന്ന് ടീമിന്റെ അമരക്കാരനായ ന്യൂസീലന്ഡുകാരന് കെയ്ന്‍ വില്യംസണിന്റെ നായകപാടവം പ്രകടമായിക്കണ്ട ടൂര്‍ണമെന്റാണിത്. ടീമിനെ മുന്നില്‍നിന്ന് നയിക്കുന്ന വില്യംസണിന്റെ ബാറ്റിങ് കരുത്ത് വേറിട്ടുനില്ക്കുന്നു. തികവുറ്റ ടെസ്റ്റ് ബാറ്റ്സ്മാന് എന്ന നിലയില്‍ നിന്ന് ഏത് ഫോര്‍മാറ്റിലും കളിക്കാന്‍ കെല്പുള്ള താരമായി വില്യംസണ് വളര്‍ന്നത് വളരെപ്പെട്ടെന്നാണ്.
ഇക്കുറി ഉദയസൂര്യന്മാരുടെ എല്ലാ വിജയങ്ങളിലും വില്യംസണിന്റെ കൈയൊപ്പുണ്ട്. ടീം നേടിയ റണ്ണുകളുടെ മുഖ്യ സ്രോതസ്സ് ഈ കിവി താരമാണ്. 10 ഇന്നിങ്സില്‍ നിന്നും 410 റണ്‍ വാരി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും ആ നിറസാന്നിധ്യം കാണാം. മികച്ച റിഫ്ലക്സുള്ള വില്യംസണ് അമ്പരപ്പിക്കുന്ന ക്യാച്ചുകള്‍ക്കും ഉടമയാണ്. ഇതിനെല്ലാമുപരി സാഹചര്യത്തിനനുസരിച്ച് തന്റെ പക്കലുള്ള വിഭവങ്ങളുപയോഗിച്ച് വിജയം കാണാനും അതിസമര്‍ഥന്‍.
സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്തിന് മുന്‍നിരക്കാര്‍ക്ക് കഴിയുന്നില്ല എന്നതാണ് ഹൈദരാബാദിന്റെ മുഖ്യപോരായ്മ. വില്യംസണ് കഴിഞ്ഞാല്‍ ശിഖര്‍ ധവാനും (198), യൂസഫ് പഠാനും (186), മനീഷ് പാണ്ഡെ (184) എന്നിവരാണ് അവരുടെ പ്രധാന സ്കോറര്‍മാര്‍.
Content Highlights; Sunrisers Hyderabad, Now The Best Team In 2018 IPL