പുണെ: ഐ.പി.എല്ലിലെ അമ്പയറിങ് നിലവാരത്തെ കുറിച്ച് നിരവധി പരാതികളാണ് ദിവസവും വരുന്നത്. പലപ്പോഴും മൂന്നാം അമ്പയര്‍ക്ക് വരെ തെറ്റു പറ്റാറുണ്ട്. ഇതിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ യുവ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെ ഔട്ട് അമ്പയര്‍ അനുവദിക്കാത്തതാണ് ശ്രേയസിന്റെ വിമര്‍ശനത്തിന് കാരണം.

മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വാട്‌സണ്‍ പുറത്താകേണ്ടതായിരുന്നു. ന്യൂസിലന്‍ഡ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ട് എറിഞ്ഞ പന്ത് ആദ്യം വാട്‌സണ്‍ന്റെ പാഡിലാണ് തട്ടിയത്. പിന്നീടാണ് ബാറ്റില്‍ തട്ടിയത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. തുടര്‍ന്ന് ഡല്‍ഹി റിവ്യൂ നല്‍കിയെങ്കിലും മൂന്നാം അമ്പയറും ഫീല്‍ഡി അമ്പയറുടെ നിലപാട് തന്നെ എടുത്തു. 

ഈ വിക്കറ്റ് പിന്നീട് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. പൂജ്യത്തിന് പുറത്താകേണ്ട വാട്‌സണ്‍ 40 പന്തില്‍ നിന്ന് 78 റണ്‍സെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. 

മത്സരശേഷം നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം ശ്രേയസ് അയ്യര്‍ ചൂണ്ടിക്കാട്ടിയത്. ആ വിക്കറ്റിനെ കുറിച്ച് പരാതി കൊടുക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ ഭാഗത്തായിരുന്നു ശരി. പക്ഷേ അമ്പയറുടെ തീരുമാനം മത്സരത്തിന്റെ ഗതിയെ തന്നെ  മാറ്റിമറിച്ചു. ആ ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട ശേഷം വാട്‌സണ്‍ മത്സരഫലം മാറ്റി. ഇത് എന്റെ മാത്രം അഭിപ്രായമല്ല. ഡ്രസ്സിങ് റൂമില്‍ എല്ലാവരും ഇതുതന്നെയാണ് പറയുന്നത്. കളി കണ്ടിരിക്കുമ്പോള്‍ നിങ്ങളും അത് ഔട്ടായിരുന്നെന്ന് വിചാരിച്ചില്ലേ. ആ പന്ത് പാഡില്‍കൊണ്ട ശേഷമാണ് ബാറ്റില്‍ തട്ടിയത്' ശ്രേയസ് വ്യക്തമാക്കി. 212 റണ്‍സ് വിജയല്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 13 റണ്‍സിന് ചെന്നൈയോട് പരാജയപ്പെട്ടിരുന്നു.

shreays iyer

Content Highlights: Shane Watson Was Out, Says Daredevils Captain Shreyas Iyer IPL 2018