മാണ്ഡ്യ: ഐ.പി.എല്‍ പതിനൊന്ന് സീസണായിട്ടും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയിട്ടും ബാംഗ്ലൂരിന് ഇതു തന്നെയാണ് അവസ്ഥ. 

ഈ സീസണില്‍ കപ്പ് മാത്രം മനസ്സില്‍ കണ്ടാണ് കോലിയും ആരാധകരും കളിക്കാനിറങ്ങിയത്. ഗ്യാലറിയില്‍ ആരവുമുണ്ടാക്കാന്‍ 'ഈ സാലാ കപ്പ് നമടെ' എന്ന മുദ്രാവാക്യവും ആരാധകരുണ്ടാക്കി. ഈ വര്‍ഷത്തെ കപ്പ് നമ്മുടേത് എന്നാണ് കന്നഡയിലുള്ള മുദ്രാവാക്യത്തിന്റെ മലയാളം. എന്നാല്‍ ഈ സീസണിലും കളി അത്ര മെച്ചമല്ല. എട്ടു മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും അഞ്ചു തോല്‍വിയുമാണ് ബാംഗ്ലൂരിന്റെ അക്കൗണ്ടിലുള്ളത്.

ബാംഗ്ലൂരിന്റെ ഈ അവസ്ഥയെ ട്രോളി നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതിന് പിന്നാലെ ബാംഗ്ലൂരിലെ ഒരു റെസ്‌റ്റോറന്റും ടീമിന് എട്ടിന്റെ പണി കൊടുത്തു. മാന്‍ഡ്യയിലെ വിവി റോഡിലെ റെസ്‌റ്റോറന്റിലെ ബില്ലില്‍ ഏപ്രില്‍ തുടക്കത്തില്‍ 'ഈ സാല കപ്പ് നമടെ' എന്നാണ് എഴുതിയിരുന്നത്. എന്നാല്‍ ഏപ്രില്‍ അവസാനം ആയതോടെ 'നെക്‌സ്റ്റ് സാല കപ്പ് നമടെ' എന്നായി. ആ റെസ്‌റ്റോറന്റില്‍ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഒരാളാണ് രണ്ട് ബില്ലിന്റെയും ചിത്രം പോസ്റ്റ് ചെയ്തത്. 

Content Highlights: Restaurant in Karnataka trolls Virat Kohli's RCB in a brutal way