മുംബൈ: ഐ.പി.എല്‍ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിലാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. അതും കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയെ ഹൈദരാബാദിന്റെ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 119 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയെ ഹൈദരാബാദ് ഒരോവറും ഒരു പന്തും ബാക്കിനില്‍ക്കെ 87 റണ്‍സിന് പുറത്താക്കുകയായിരുന്നു. 

അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, മലയാളി താരം ബേസില്‍ തമ്പി എന്നിവരാണ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത്. പഞ്ചാബിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ തല്ല് വാങ്ങിക്കൂട്ടിയ റാഷിദ് മുംബൈക്കെതിരെ തിരിച്ചുവരികയായിരുന്നു. നാല് ഓവറില്‍ വെറും 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത റാഷിദ് ഖാന്‍ കളിയിലെ താരമാകുകയും ചെയ്തു.

എന്നാല്‍ അതിനിടയില്‍ റാഷിദ് ഖാന്റെ മനോഹരമായൊരു ഗൂഗ്‌ളിയുണ്ടായി. 14-ാം ഓവറില്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റെടുക്കേണ്ട പന്തായിരുന്നു അത്. ബെയ്ല്‍സിനെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പന്ത് കടന്നുപോയി. ഇതുകണ്ട് കാണികളും റാഷിദ് ഖാനും തലയില്‍ കൈവെച്ചു. രക്ഷപ്പെട്ട സന്തോഷത്തില്‍ ഹാര്‍ദിക് റാഷിദ് ഖാനെ നോക്കി ചിരിച്ചു. പിന്നീട് കൗളിന്റെ പന്തില്‍ ബേസില്‍ ക്യാച്ച് ചെയ്ത് ഹാര്‍ദിക് പുറത്തായി. 19 പന്തില്‍ മൂന്നു റണ്‍സായിരുന്നു ക്രീസ് വിടുമ്പോള്‍ ഹാര്‍ദികിന്റെ സമ്പാദ്യം. 

Content Highlights: Rashid Khan's Incredible Googly Stuns Hardik Pandya