ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ആറു വിജയവും മൂന്നു തോല്‍വിയുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ടീമിന് പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുന്ന ബോളിവുഡ് താരവും ടീം ഉടമസ്ഥയുമായ പ്രീതി സിന്റയ്ക്കും ഈ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്.

സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ കെ.എല്‍ രാഹുലിനേയും കരുണ്‍ നായരേയും ക്രിസ് ഗെയ്‌ലിനേയുമെല്ലാം ടീമിലെത്തിച്ചത് കിരീടമെന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു. ഒപ്പം അഫ്ഗാന്‍ താരം മുജീബ് റഹ്മാനും ആന്‍ഡ്രു ടൈയും അങ്കിത് രജ്പുതുമെല്ലാം പഞ്ചാബിന് കരുത്തേകുന്നുണ്ട്. 

താരങ്ങള്‍ കളിച്ചാല്‍ മാത്രം പോര, വിജയിക്കാന്‍ ഭാഗ്യവും വേണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് പ്രീതി. ദൈവം കൂടി വിചാരിച്ചാലേ ടീമിന് വിജയിക്കാനാകൂ എന്ന് പ്രീതിക്കറിയാം. ഇതിനായി രഹസ്യമായി ക്ഷേത്ര ദര്‍ശനം നടത്താനും പ്രീതി സിന്റ മടി കാണിച്ചില്ല. മൊഹാലിയില്‍ നിന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ട് ഇന്‍ഡോറിലേക്ക് മാറ്റിയതോടെയാണ് പ്രീതിക്ക് പ്രശസ്തമായ ഖാജ്‌റാണ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കാനുള്ള അവസരം ലഭിച്ചത്. നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്.

ആളുകള്‍ തിരിച്ചറിഞ്ഞാലോ എന്നു കരുതി മുഖം മറച്ച് ഒരു സെക്യൂരിറ്റി ഗാര്‍ഡിനൊപ്പമാണ് പ്രീതി ക്ഷേത്രത്തിലെത്തിയത്. പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ മുഖം മറച്ച തുണി മാറ്റിയതോടെ പ്രീതിയെ ആളുകള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യം ക്ഷേത്രത്തിലെ പൂജാരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആളുകള്‍ തിരിച്ചറിഞ്ഞതോടെ ആരും ബഹളമുണ്ടാക്കരുതെന്ന് പ്രീതി ആംഗ്യം കാണിക്കുന്നുണ്ട്. ഇതിനിടെ വീഡിയോ എടുക്കാന്‍ തുനിഞ്ഞ ഒരാളെ അതില്‍ നിന്ന് വിലക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാനെതിരെ പഞ്ചാബ് വിജയിക്കുകയും ചെയ്തു. ആറു വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ വിജയം.

Content Highlights: Preity Zinta prays at Khajrana Mandir before Kings XI Punjab match, priest posts video on FB