മുംബൈ:  ഏതു ക്യാപ്റ്റനെ സംബന്ധിച്ചും ഫൈനലെന്നാല്‍ സമ്മര്‍ദം കൂടിയാണ്. ഒരൊറ്റ വിജയം അകലെ മാത്രം കിരീടം നില്‍ക്കുമ്പോള്‍ ഇതുവരെ കഷ്ടപ്പെട്ടതെല്ലാം വെറുതെയായിപ്പോകരുത് എന്നായിരിക്കും ഓരോ ക്യാപ്റ്റന്റേയും മനസ്സില്‍. എന്നാല്‍ ഐ.പി.എല്‍ ഫൈനലിന് മുമ്പും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ കൂള്‍ എന്ന് എന്തുകൊണ്ട് ധോനിയെ വിളിക്കുന്നു എന്നതിന് ഉദാഹരണമായിരുന്നു ടോസിടുമ്പോഴുള്ള ധോനിയുടെ തമാശ.അവതാരകന്‍ സഞ്ജയ് മഞ്ജരേക്കറോടായിരുന്നു ധോനിയുടെ കുസൃതി. ഒടുവില്‍ നീ എന്നെ വിഡ്ഢിയാക്കരുത് എന്നുവരെ മഞ്ജരേക്കര്‍ക്ക് ധോനിയോട് പറയേണ്ടി വന്നു.

ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ധോനിയും ടോസിടാനായി ഗ്രൗണ്ടിലെത്തി. ധോനി ഹെഡ്‌സ് വിളിച്ച് ടോസിട്ടു. ധോനിക്ക് അനുകൂലമായാണ് ടോസ് വന്നത്. ആ സമയത്ത് നീയല്ലേ ഹെഡ്‌സ് വിളിച്ചതെന്ന് മഞ്ജരേക്കര്‍ ധോനിയോട് ചോദിച്ചു. കെയ്ന്‍ വില്ല്യംസണെ ചൂണ്ടിക്കാട്ടി 'അല്ല, അവന്‍ ടെയ്ല്‍സാണ് വിളിച്ചത്' എന്നായിരുന്നു ധോനിയുടെ മറുപടി. 

നീയല്ലേ ഹെഡ്‌സ് വിളിച്ചതെന്ന് മഞ്ജരേക്കര്‍ വീണ്ടും ധോനിയോട് ചോദിച്ചു. അപ്പോഴും അതേ മറുപടി തന്നെ ധോനി നല്‍കി. ധോനി കളിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയ മഞ്ജരേക്കര്‍ ഇങ്ങനെ വിഡ്ഢിയാക്കുന്നത് നിര്‍ത്തൂ എന്ന് ചിരിയോടെ പറഞ്ഞു. ഇതോടെയാണ് ധോനി കാര്യത്തിലേക്ക് കടന്നത്.

Content Highlights: MS Dhoni Trolls Sanjay Manjrekar During Toss At The Wankhede IPL 2018 Final