ന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഐ.പി.എല്‍ മത്സരങ്ങള്‍ പുണെയിലേക്ക് മാറ്റിയിരുന്നു. ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് വേദിയായത് പുണെ എം.സി.എ സ്റ്റേഡിയമാണ്. ഐ.പി.എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ അവസാനിച്ചതോടെ ഇതുവരെ ചെന്നൈയുടെ വിജയതട്ടകമായ പുണെ സ്റ്റേഡിയത്തിനോടും സ്‌റ്റേഡിയത്തിലെത്തിയ കാണികളോടും എം.എസ് ധോനി നന്ദി പറഞ്ഞു. ഒപ്പം മകള്‍ സിവയുമുണ്ടായിരുന്നു.

ഇതിന്റെ വീഡിയോ ധോനി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുണെ സ്റ്റേഡിയത്തിലെ പടിക്കെട്ടുകള്‍ കയറി ഡ്രസ്സിങ് റൂമിലെത്തും മുമ്പ് തിരിഞ്ഞു നിന്നാണ് ധോനിയും സിവയും ആരാധകരോട് കൈവീശി യാത്ര പറഞ്ഞത്. 'ഡ്രസ്സിങ് റൂമിലേക്കുള്ള അവസാന നടത്തത്തില്‍ സിവ എനിക്ക് കൂട്ടുവന്നു. സ്റ്റേഡിയം മഞ്ഞയില്‍ കുളിപ്പിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. ടീമിന് നിങ്ങളെ ആനന്ദിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം.' വീഡിയോയോടൊപ്പമിട്ട കുറിപ്പില്‍ ധോനി പറഞ്ഞു. 

പുണെയില്‍ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും ചെന്നൈ വിജയിച്ചു. നിര്‍ണായക മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്തിയതും പുണെയിലെ സ്റ്റേഡിയത്തില്‍ വെച്ചാണ്. പട്ടികയില്‍ 14 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ചെന്നൈയക്ക് രണ്ടാം സ്ഥാനത്തെത്താനായി. 

Content Highlights: MS Dhoni and Ziva Thank Pune for Hosting Chennai Super Kings