മുംബൈ: ജയസാധ്യത മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ മൂന്നു റണ്‍സിന്റെ നേരിയ വിജയമാണ് എെ.പി.എല്ലിൽ മുംബൈ പഞ്ചാബിനെതിരേ നേടിയത്. ഒരു ഘട്ടത്തില്‍ പഞ്ചാബ് വിജയിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ മുംബൈ തിരിച്ചുവരികയായിരുന്നു. 60 പന്തില്‍ 94 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ പഞ്ചാബിനെ വിജയത്തിനരികില്‍ വരെ എത്തിച്ചതാണ്. എന്നാല്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ ലോകേഷ് രാഹുല്‍ പുറത്താകുകയും അക്‌സല്‍ പട്ടേലും യുവരാജും മുംബൈയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പരാജയമാകുകയും ചെയ്തതോടെ പഞ്ചാബ് തോല്‍വിയേറ്റു വാങ്ങി.

നാടകീയമായ മുംബൈയുടെ വിജയത്തേക്കാള്‍ നാടകീയമായിരുന്നു ലോകേഷ് രാഹുലിന്റെ നിരാശയും സങ്കടവും. ടീമിനെ വിജയത്തിന് അരികില്‍ വരെയെത്തിച്ചിട്ടും ഏറ്റുവാങ്ങിയ തോല്‍വിയോര്‍ത്ത് രാഹുല്‍ ഡഗ്ഔട്ടില്‍ ഇരുന്ന് കരഞ്ഞു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്‌റ്റൈലിഷ് പ്ലെയര്‍ക്കുള്ള ട്രോഫിയും കിട്ടിയിട്ടും രാഹുലിന്റെ സങ്കടം മാറിയില്ല. ട്രോഫിയും കാഷ് അവാര്‍ഡും വാങ്ങി പവലയിലനിലേക്ക് മടങ്ങുമ്പോഴും രാഹുലിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അതിനിടയില്‍ തനിക്ക് കിട്ടിയ ട്രോഫി രാഹുല്‍ ആരാധകര്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. ആദ്യ മൂന്നു തവണയും ഏറ് പാഴായതിനെ തുടര്‍ന്ന് നാലാം ഏറിലാണ് ആരാധകന്റെ കൈയില്‍ ട്രോഫി എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കിട്ടിയ ട്രോഫി ഇങ്ങനെ ഒരു വിലയും നല്‍കാതെ വലിച്ചെറിയുന്നത് ശരിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തോറ്റ സങ്കടം തീര്‍ത്തതാണ് രാഹുലെന്നും ആരാധകര്‍ പറയുന്നുണ്ട്. 

രാഹുലിന്റെ സങ്കടം കണ്ട് ഇന്ത്യന്‍ ടീമിലെ സഹതാരവും മുംബൈ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ആശ്വസിപ്പിക്കാനെത്തി. ഇരുവരും തമ്മില്‍ ഫുട്‌ബോളിലുള്ളതു പോലെ ജഴ്‌സി പരസ്പരം മാറിയാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചത്. ഈ പരസ്പര ബഹുമാനത്തെ സോഷ്യല്‍ മീഡയില്‍ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു.

രാഹുല്‍ ട്രോഫി എറിയുന്ന വീഡിയോ

രാഹുലിന്റെ സങ്കടം

ജഴ്‌സി കൈമാറുന്നു

Content Highlights:  KL Rahul throws trophy towards crowd after losing to Mumbai Indians