മൊഹാലി:  കുട്ടിക്രിക്കറ്റിന്റെ ആഘോഷം തന്നെ ഗാലറിയിലേക്കെത്തുന്ന സിക്‌സും ഫോറുമാണ്. വെടിക്കെട്ട് ബാറ്റിങ്ങില്ലെങ്കില്‍ ഐ.പി.എല്ലിന്റെ ആവേശം പകുതിയും ചോരും. ഇന്ത്യന്‍ യുവതാരം കെ.എല്‍ രാഹുലിന് അത് നന്നായി അറിയാം.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി രാഹുല്‍ പുറത്തെടുത്ത ആ ബാറ്റിങ് പ്രകടനം കണ്ടാല്‍ തന്നെ അത് മനസ്സിലാകും. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയായിരുന്നു അത്. 14 പന്തില്‍ നിന്നൊരു അര്‍ധസെഞ്ചുറി.

നേരത്തെ യൂസുഫ് പഠാന്റേയും സുനില്‍ നരെയ്‌ന്റെയും പേരിലായിരുന്നു ആ റെക്കോഡ്. സുനില്‍ നരെയ്ന്‍ കഴിഞ്ഞ വര്‍ഷവും യൂസുഫ് പഠാന്‍ 2014-ലും 15 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ചിരുന്നു. 0,2,0,6,4,4,6,4,1,4,6,6,4,4,0,w എന്നിങ്ങനെയാണ് രാഹുല്‍ നേരിട്ട ഓരോ പന്തിന്റേയും അവസ്ഥ. 

kl rahul

ട്രെന്റ് ബൗള്‍ട്ടിന്റെ ഒരോറവില്‍ 16 റണ്‍സ് അടിച്ചെടുത്ത രാഹുല്‍ മുഹമ്മദ് ഷമിയുടെ അടുത്ത ഓവറില്‍ 11 റണ്‍സ് കണ്ടെത്തി. പിന്നീട് തുടര്‍ച്ചയായി ഫോറും സിക്‌സുമായിരുന്നു. ഒടുവില്‍ ക്രിസ് മോറിസിന്റെ പന്തില്‍ 51 റണ്‍സുമായി ക്രീസ് വിടുമ്പോള്‍ ആറു ഫോറും നാലു സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. 

വര്‍ഷങ്ങളായി ഒരു ടെസ്റ്റ് ക്രിക്കറ്റ് താരമെന്ന നിലയില്‍ ഞാന്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇനി അതുണ്ടാകില്ല. ചരിത്രം തിരുത്തിയതും പുതിയ റെക്കോഡിട്ടതും മുന്നോട്ടുള്ള യാത്രക്ക് ശക്തി നല്‍കുന്നതാണ്. ഇതുപോലെ മികച്ച പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷ. രാഹുല്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ശേഷം രാഹുല്‍ പറഞ്ഞു. 11 കോടി രൂപയ്ക്കാണ് രാഹുലിനെ പഞ്ചാബ് ടീമിലെടുത്തത്‌.

Content Highlights: KL Rahul slams fastest ever IPL fifty