ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഞായറാഴ്ച്ച നടന്ന രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ നിര്‍ണായകമായത് കിട്ടിയ ഒരു ക്യാച്ചും നഷ്ടപ്പെട്ട ഒരു ക്യാച്ചുമായിരുന്നു. പഞ്ചാബിന്റെ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് കിട്ടിയ ക്യാച്ചിന്റെ ഉടമ. നഷ്ടപ്പെട്ട ക്യാച്ചിന്റെ ഉടമസ്ഥനാകട്ടെ രാജസ്ഥാന്റെ മലയാളി താരം സഞ്ജു വി സാംസണും. 

ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെയാണ് ക്യാച്ചിലൂടെ ഗെയ്ല്‍ പുറത്താക്കിയത്. അതും ഒരു ഒന്നൊന്നര ക്യാച്ചിലൂടെ. രാജസ്ഥാന്റെ ഇന്നിങ്‌സിലെ നാലാമത്തെ ഓവറിലായിരുന്നു സംഭവം. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ രഹാനെയുടെ ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജില്‍ തട്ടിയ പന്ത് ഗെയ്ല്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഫുള്‍ ലെങ്തില്‍ ഡൈവ് ചെയ്ത ഗെയ്ല്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നതിന് മില്ലി മീറ്ററുകള്‍ മാത്രം ശേഷിക്കെ കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതിന് ശേഷം റിവ്യൂവിന് നല്‍കിയാണ് ഔട്ടാണെന്ന് ഉറപ്പു വരുത്തിയത്. 

ഗെയ്‌ലിന്റെ കരിയറിലെ തന്നെ മികച്ച ഒരു ക്യാച്ചായിരുന്നു അത്. പുറത്താകുമ്പോള്‍ ഏഴു പന്തില്‍ അഞ്ചു റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. രാജസ്ഥാന്റെ ഇന്നിങ്‌സ് 152 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

പിന്നീട് പഞ്ചാബിന്റെ ഇന്നിങ്‌സിനിടയില്‍ സഞ്ജു വി സാംസണും ഇതുപോലൊരു ക്യാച്ചിന് ശ്രമിച്ചു. പക്ഷേ ഗ്രൗണ്ടില്‍ നേരിയ തോതില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി മൂന്നാം അമ്പയര്‍ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. മൂന്നാം അമ്പയര്‍ക്ക് കൊടുക്കും മുമ്പു തന്നെ ഫീല്‍ഡ് അമ്പയര്‍ നോട്ട് ഔട്ട് വിളിച്ചിരുന്നു.

പഞ്ചാബിന് ജയിക്കാന്‍ 32 പന്തില്‍ 52 റണ്‍സ് വേണ്ടപ്പോഴായിരുന്നു ഈ ക്യാച്ച് വന്നത്. കെ.എല്‍ രാഹുലിന്റെ നിര്‍ണായ വിക്കറ്റായിരുന്നു അത്. ആ സമയത്ത് 37 പന്തില്‍ 41 റണ്‍സെന്ന നിലയിലായിരുന്നു രാഹുല്‍. പിന്നീട് 54 പന്തില്‍ 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

Content Highlights: IPL 2018 Chris Gayle and Sanju V Samson Catch