ക്രിക്കറ്റ് മത്സരങ്ങളില്‍ ടോസിന് വലിയ പ്രാധാന്യമുണ്ട്. പിച്ചിന്റെ സ്വഭാവം, കാലാവസ്ഥ, ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും ശക്തിദൗര്‍ബല്യങ്ങള്‍ ഇങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ചാണ് ടോസ് വിജയിച്ച ക്യാപ്റ്റന്‍ തീരുമാനമെടുക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പതിനൊന്നാം എഡിഷനില്‍ ടോസ് നേടിയ ക്യാപ്റ്റന് തീരുമാനമെടുക്കാന്‍ ഒന്നും സംശയിക്കാനില്ല. ബുധനാഴ്ചവരെ പൂര്‍ത്തിയായ 15 മത്സരങ്ങളിലും ടോസ് വിജയിച്ച ക്യാപ്റ്റന്‍മാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ഇതില്‍ ആദ്യ പത്തുമത്സരങ്ങള്‍ ഒന്‍പതിലും ചേസ് ചെയ്ത ടീം ജയിച്ചു എന്നതാണ് കൗതുകം. ഇതിനിടെ ഒരു കളിയില്‍ ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ ജയിച്ചത് ഡെക്വര്‍ത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യത്തിലായിരുന്നു. എന്നാല്‍, പത്തു മത്സരങ്ങള്‍ക്കുശേഷം സ്ഥിതി മാറി. കഴിഞ്ഞ നാലുകളികളിലും ആദ്യം ബാറ്റുചെയ്ത ടീം ജയിച്ചു. അപ്പോഴും ടോസ് നേടുന്ന ക്യാപ്റ്റന്മാന്‍ ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. 

ട്വന്റി 20 ക്രിക്കറ്റില്‍, എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ചേസ് ചെയ്യുന്നതാണ് എളുപ്പം എന്ന് ക്യാപ്റ്റന്‍മാര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് ആദ്യ 14 മത്സരങ്ങള്‍ തെളിയിക്കുന്നത്. ഇതിനിടെ കൊല്‍ക്കത്തയുടെ 202 റണ്‍സ് ചേസ് ചെയ്ത് ചെന്നൈയും (205) മുംബൈയുടെ 194 റണ്‍സ് ചേസ് ചെയ്ത് ഡല്‍ഹിയും (195) ജയം കണ്ടെത്തി. എന്നാല്‍, ഈ സീസണിലെ ഏറ്റവുമുയര്‍ന്ന രണ്ടു സ്‌കോറുകളും വന്നത് ആദ്യം ബാറ്റുചെയ്ത ടീമില്‍നിന്നായിരുന്നു. പതിനൊന്നാമത്തെ മത്സരത്തില്‍ ബാംഗ്ലൂരിനെതിരേ രാജസ്ഥാന്‍ 217 റണ്‍സും പതിന്നാലാം മത്സരത്തില്‍ ബാംഗ്ലൂരിനെതിരേ മുംബൈ 213 റണ്‍സും അടിച്ചു. രണ്ടിലും ആദ്യം ബാറ്റുചെയ്ത ടീം ജയിച്ചു. 

Content Highlights; Do teams chasing have better chance of winning a Twenty-20 game?