മുംബൈ: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയപ്പോള്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയേക്കാള്‍ താരമായത് മറ്റൊരാളാണ്. ചെന്നൈയുടെ എല്ലാ മത്സരങ്ങളും ഗാലറിയിലിരുന്ന് കണ്ട്, മത്സരങ്ങള്‍ക്ക് ശേഷം ഗ്രൗണ്ടില്‍ കുസൃതിയൊപ്പിച്ച് ചിരിക്കുന്ന കുഞ്ഞു സിവ. ഈ ഐ.പി.എല്‍ സീസണിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സിവയുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകര്‍ പങ്കുവെച്ചത്.

ഫൈനലിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്ന സിവയുടെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു സിനിമയുടെ സീന്‍ പോലെ മനോഹരമാണ് ആ വീഡിയോ. സിവ ഓടി വന്നപ്പോള്‍ ധോനി അവളെ വാരിയെടുത്ത് മുകളിലേക്കുയര്‍ത്തുകയായിരുന്നു. പിന്നീട് അച്ഛനും മകളും തമ്മിലുള്ള
കുസൃതിയായിരുന്നു ഗ്രൗണ്ടില്‍ നടന്നത്. സഹതാരങ്ങള്‍ ചാമ്പ്യന്‍മാരായത് ആഘോഷിക്കുമ്പോള്‍ ധോനി മകളോടൊപ്പമുള്ള സുന്ദര നിമിഷം ആഘോഷിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌. സിവയേക്കാള്‍ വലിയൊരു സമ്മാനം ധോനിക്ക് നേടാനില്ലെന്നും ആരാധകര്‍ പറയുന്നു.

മത്സരശേഷം എല്ലാ ആരാധകര്‍ക്കും നന്ദി പറഞ്ഞ് സിവയോടും സാക്ഷിയോടുമൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ഫോട്ടോ ധോനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. സിവയ്ക്ക് ട്രോഫിയൊന്നും വേണ്ടന്നും സമയം കിട്ടിയാല്‍ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് എങ്ങനെ ഓടാമെന്നാണ് അവള്‍ നോക്കുന്നതെന്നും ധോനി ഈ ഫോട്ടോക്കൊപ്പമിട്ട കുറിപ്പില്‍ പറയുന്നു.

 

 Content Highlights: Dhoni celebrates IPL win with daughter Ziva Chennai Super Kings