.പി.എല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ എല്ലാ ടീമുകളും വാങ്ങാന്‍ മടിച്ച താരമായിരുന്നു ക്രിസ് ഗെയ്ല്‍. കഴിഞ്ഞ സീസണിലെ ടീമായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാകട്ടെ ഗെയ്‌ലിനെ കൈയൊഴിയുകയും ചെയ്തു. ഒടുവില്‍ ബോളിവുഡ് താരം പ്രിതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് വിന്‍ഡീസ് താരത്തിന്റെ രക്ഷക്കെത്തുകയായിരുന്നു. അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് ഗെയ്‌ലിനെ പ്രിതി സിന്റെ പഞ്ചാബിലെടുത്തത്.

പഞ്ചാബിന്റെ ആ ദീര്‍ഘവീക്ഷണം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ച്ചയാണ് ഛണ്ഡിഗഡിലെ സ്റ്റേഡിയത്തില്‍ കണ്ടത്. ഐ.പി.എല്‍ പതിനൊന്നാം സീസണില ആദ്യ സെഞ്ചുറിയുമായി ഗെയ്ല്‍ ഗ്രൗണ്ടില്‍ നിറഞ്ഞുനിന്നു. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നേടിയ 33 പന്തിലെ 63 റണ്‍സിനേക്കാള്‍ മികച്ചതായിരുന്നു ഹൈദരാബാദിനെതിരായ സെഞ്ചുറി ഇന്നിങ്‌സ്. അതും നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ടിട്വന്റി ബൗളറായ അഫ്ഗാന്‍ താരം റാഷിദ് ഖാനെതിരെ. 

പതുക്കെ ബാറ്റിങ് തുടങ്ങിയ ഗെയ്ല്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. 58 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ വിന്‍ഡീസ് താരം റാഷിദ് ഖാനെറിഞ്ഞ 14-ാം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സാണ് അടിച്ചെടുത്തത്. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഗെയ്ല്‍ 104 റണ്‍സാണ് സ്വന്തം അക്കൗണ്ടിലെത്തിച്ചത്. 63 പന്തില്‍ 11 സിക്‌സിന്റെയും ഒരു ഫോറിന്റേയും അകമ്പടിയോടെയായിരുന്നു ഇത്.  വെള്ളിയാഴ്ച്ച പിറന്നാളാഘോഷിക്കുന്ന മകള്‍ക്കാണ് ഈ സെഞ്ചുറി ഗെയ്ല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

2009 മുതല്‍ വിന്‍ഡീസ് താരം ഐ.പി.എല്‍ കളിക്കുന്നുണ്ട്. ആദ്യ ഏഴു സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗെയ്ല്‍ കഴിഞ്ഞ രണ്ട് സീസണില്‍ പിന്നോട്ടു പോയിരുന്നു. 2016ല്‍ 22.70 ശരാശരിയില്‍ 227 റണ്‍സ് മാത്രം നേടിയ ഗെയ്ല്‍ കഴിഞ്ഞ സീസണില്‍ ഇതിലും പിന്നോട്ടുപോയി. 22.22 ശരാശരിയില്‍ 200 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഇതോടെയാണ് ഈ സീസണില്‍ ടീമുകള്‍ ഗെയ്‌ലിനെ ലേലത്തിലെടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നത്. 

Content Highlights:  Chris Gayle slams quick fire century For Kings Eleven Punjab vs Sun Risers Hyderabad