ഹൈദരാബാദിനെതിരെ സെഞ്ചുറി പൂര്‍ത്തിയാപ്പോള്‍ ബാറ്റ് കൈയിലിട്ട് താലോലിച്ചായിരുന്നു ഗെയ്‌ലിന്റെ ആഘോഷം. ആ ആഘോഷം സമര്‍പ്പിച്ചത് മറ്റാര്‍ക്കുമായിരുന്നില്ല, വി.ഐ.പി ഗാലറിയില്‍ ഭാര്യ നടാഷ ബെറിഡ്ജിന്റെ ഒക്കത്തിരിക്കുന്ന മകള്‍ ബ്ലഷിനായിരുന്നു. വെള്ളിയാഴ്ച്ച ബ്ലഷിന്റെ രണ്ടാം പിറന്നാളാണ്. അക്കാര്യം ഇന്നിങ്‌സിന് ശേഷം ഗെയ്ല്‍ വ്യക്തമാക്കുകയും ചെയ്തു. സെവാഗിന്റെ ഉപദേശമാണ് തന്റെ തിരിച്ചുവരവിന് സഹായിച്ചതെന്നും വിന്‍ഡീസ് താരം പ്രതികരിച്ചു.

എനിക്ക്‌ വയസ്സായി എന്നാണ് ഒരുപാട് ആളുകളുടെ വിചാരം. ഇനി പഴയ ഫോമില്‍ കളിക്കാനാകില്ലെന്നും. ഈ ഇന്നിങ്‌സിന് ശേഷം ഇനി എനിക്ക് ഒന്നും തെളിയിക്കാനില്ല. അതിനുള്ള മറുപടിയെല്ലാം ഈ സെഞ്ചുറിയിലുണ്ട്. എന്റെ മകള്‍ക്കാണ് ഈ സെഞ്ചുറി ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാളെ അവളുടെ പിറന്നാളാണ്. ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചായിരുന്നു ഇത്. അത് ഞാന്‍ ഉപയോഗിച്ചുവെന്ന് മാത്രം. പഞ്ചാബിനൊപ്പം ചേര്‍ന്നപ്പോള്‍ സെവാഗ് എനിക്ക് ഒരുപാട് ഉപദേശം തന്നു. യോഗയിലും മസാജിലും ശ്രദ്ധിക്കാന്‍ സെവാഗാണ് പറഞ്ഞത്. അതാണ് ഈ സെഞ്ചുറിയുടെ പിന്നിലെ രഹസ്യം. ഗെയ്ല്‍ വ്യക്തമാക്കി.

മുപ്പത്തിയെട്ടുകാരനായ വിന്‍ഡീസ് താരം 63 പന്തില്‍ 11 സിക്‌സിന്റെയും ഒരു ഫോറിന്റേയും അകമ്പടിയോടെ 104 റണ്‍സാണ് അടിച്ചെടുത്തത്. 58 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗെയ്ല്‍ റാഷിദ് ഖാനെറിഞ്ഞ 14-ാം ഓവറില്‍ തുടര്‍ച്ചയായി നാല് തവണ പന്ത് സിക്‌സിലേക്ക് പായിച്ചു.

chris gayle
Photo Courtesy: BCCI

Content Highlights: Chris Gayle hits first century of IPL 2018, dedicates knock to daughter