ജയ്പുര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കാണികളുടെ കൈയടി നേടി രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്‌റ്റോക്ക്‌സ്. ക്യാച്ച് കൈവിട്ട വിവരം അമ്പയര്‍മാരുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ പറഞ്ഞ് സ്‌റ്റോക്ക്‌സ് മാന്യത കാണിക്കുകയായിരുന്നു.

ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലായിരിക്കുമ്പോഴായിരുന്നു സംഭവം. രാജസ്ഥാന്‍ താരം സോധിയെറിഞ്ഞ പന്ത് അലക്‌സ് ഹെയ്ല്‍സ് ബൗണ്ടറി ലക്ഷ്യമാക്കി അടിച്ചു. എന്നാല്‍ പന്തിനരികിലേക്ക് ഓടിയെത്തിയ് സ്‌റ്റോക്ക്സ് ഡൈവ് ചെയ്ത് തടയുകയായിരുന്നു. എന്നാല്‍ അതിനിടയില്‍ പന്ത് സ്റ്റോക്ക്‌സിന്റെ കൈയില്‍ നിന്ന് ഗ്രൗണ്ടില്‍ തൊട്ടു. എല്ലാവരും ക്യാച്ചെന്ന് കരുതിയെങ്കിലും പന്ത് ഗ്രൗണ്ടില്‍ തൊട്ട കാര്യം സ്റ്റോക്ക്‌സ് അമ്പയറെ കൈ കൊണ്ട് ആംഗ്യം കാണിച്ച് അറിയിക്കുകയായിരുന്നു.

ആ സമയം 23 പന്തില്‍ 26 റണ്‍സെന്ന നിലയായിലുരുന്നു ഹെയ്ല്‍സ്. പിന്നീട് 39 പന്തില്‍ 45 റണ്‍സടിച്ചാണ് ഹെയ്ല്‍സ് പുറത്തായത്. ഗൗതമിന്റെ പന്തില്‍ സഞ്ജു വി സാംസണാണ് ഹെയ്ല്‍സിന്റെ ക്യാച്ചെടുത്തത്. 

Content Highlights: Ben Stokes's Fair Play act on the field