ഹൈദരാബാദ്: ഐ.പി.എല്ലിലെ ആവേശം നിറഞ്ഞ ഫൈനലിനൊടുവില്‍ റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് മൂന്നാം തവണയും കിരീടം നേടിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സ്വാധീനത്തെ ആര്‍ക്കും വില കുറച്ച് കാണാനാകില്ല. മുംബൈയുടെ കിരീടനേട്ടത്തില്‍ രോഹിതിന്റെ പങ്ക് വളരെ വലുതായിരുന്നു.

ഇങ്ങനെയുള്ള രോഹിത് ശര്‍മ്മ ഐ.പി.എല്‍ ഫൈനലിനിടയില്‍ ഉറങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ സംഭവിച്ചു. മുംബൈയുടെ ഇന്നിങ്‌സിനിടെ ഡഗ്ഔട്ടിലിരുന്നായിരുന്നു രോഹിതിന്റെ ഉറക്കം.

 22 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായ രോഹിത് ക്രീസ് വിട്ടു. പിന്നീട് മുംബൈ ബാറ്റ്‌സ്മാന്‍ കരണ്‍ ശര്‍മ്മ പുറത്തായ സമയത്ത് പുണെയുടെ താരങ്ങളുടെ വിജയാഘോഷത്തിന്റെ ശബ്ദം കേട്ട് രോഹിത് ഞെട്ടിയുണരുകയായിരുന്നു.

ഒരു റണ്‍സെടുത്ത് നില്‍ക്കെ അപ്രതീക്ഷിതമായി റണ്‍ഔട്ടാകുകയായിരുന്നു കരണ്‍ ശര്‍മ്മ. ക്രിസ്റ്റിയനാണ് കരണ്‍ ശര്‍മ്മയെ പുറത്താക്കിയത്. ബഹളം കേട്ട് രോഹിത് ശര്‍മ്മ ഞെട്ടിയുണരുന്നതായി വീഡിയോയിലുണ്ട്.