ബെംഗളൂരു:മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്പിന്നര്‍ സാമുവല്‍ ബദ്രിക്ക് ഹാട്രിക്. മൂന്നാം ഓവറില്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്ന് വിക്കറ്റ് പിഴുതാണ് ബദ്രി ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ ഹാട്രിക് നേടിയത്. ലെഗ്‌ബ്രേക്ക് സ്പിന്നറായ വെസ്റ്റിന്‍ഡീസ് താരം തന്റെ രണ്ടാം ഓവറിലാണ് പന്ത് കൊണ്ട് തിളങ്ങിയത്.

മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ മുംബൈ ഓപ്പണര്‍ പാര്‍ഥിവ് പട്ടേലായിരുന്നു ബദ്രിയുടെ ആദ്യ ഇര. ഓഫ്സ്റ്റമ്പ് ലക്ഷ്യമാക്കി വന്ന ഗൂഗ്‌ളി എക്‌സ്ട്രാ കവറിലേക്ക് അടിക്കാന്‍ ശ്രമിച്ച പാര്‍ഥിവിന് ടൈമിങ് തെറ്റി. പന്ത് നേരെ ക്രിസ് ഗെയ്‌ലിന്റെ കൈകളിലെത്തി. പിന്നീട് മക്ഗ്ലീകന്റെ ഊഴമായിരുന്നു. ബദ്രിയുടെ ഫുള്‍ടോസില്‍ ബാറ്റുവെച്ച മക്ഗ്ലീകന് പിഴച്ചു. പന്ത് മന്‍ദീപ് സിങ്ങിന്റെ കൈകളിലെത്തി.

അടുത്തത് ഹാട്രികിലേക്കുള്ള പന്തായിരുന്നു. ക്രീസിലുണ്ടായിരുന്നത് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ബദ്രിയുടെ ഗൂഗ്‌ളി പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിതിന്റെ കുറ്റിയും പറിച്ച് പന്ത് പോയി. ഈ സീസണില്‍ മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഗൂഗ്‌ളിയില്‍ വീഴുന്നത്. 

പിന്നീട് തന്റെ നാലാം ഓവറില്‍ നിധീഷ് റാണയെയും പുറത്താക്കിയ ബദ്രി വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് ബദ്രി നാല് വിക്കറ്റെടുത്തത്. ഇതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടുന്നു. പത്താം സീസണിലെ ആദ്യ മെയ്ഡന്‍ ഓവറാണിത്.