'വേദനക്കിടയിലും അവന്‍ ധൈര്യത്തോടെ മുന്നേറി, ഞങ്ങളെല്ലാവരും അവനോടൊപ്പമുണ്ട്'' ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരശേഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍ യുവതാരം ഋഷഭ് പന്തിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഓരോ അറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഡല്‍ഹിക്ക് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കിയവന് ഒരു ക്യാപ്റ്റന്റെ തോളില്‍ തട്ടിയുള്ള അഭിനന്ദനം.

അങ്ങനെയൊരു  ആശ്വാസവാക്ക് ആ നിമിഷം മനസ്സ്‌കൊണ്ട് ഋഷഭ് ആഗ്രഹിച്ചിരുന്നത് തന്നെയാണ്. കാരണം മറ്റൊന്നുമല്ല, റോയല്‍ ചലഞ്ചേഴ്‌സിനെതിരെ അഞ്ചാമനായി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഋഷഭിന് ചഹലിനെയും മില്‍സിനെയും ഇഖ്ബാല്‍ അബ്ദുള്ളയെയും മാത്രം കീഴടക്കിയാല്‍ മതിയായിരുന്നില്ല, അച്ഛന്‍ നഷ്ടപ്പെട്ട വേദനയില്‍ ഉരുകുന്ന മനസ്സിനെക്കൂടി വരുതിയില്‍ കൊണ്ടു വരണമായിരുന്നു. 

ക്രിക്കറ്റ് കരിയറില്‍ താങ്ങും തണലുമായിരുന്ന അച്ഛന്‍ രാജേന്ദ്ര പന്ത് ലോകം വിട്ടുപോയിട്ട് മൂന്ന് ദിവസം തികഞ്ഞ ദിവസമാണ് അവന്‍ ബാറ്റും കൈയില്‍പിടിച്ച് ക്രീസിലേക്ക് ഇറങ്ങിയത്. അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പൊള്ളലേറ്റ കാലിന്റെ നീറ്റലും മനസ്സിലെ വിങ്ങലുമായി ബാറ്റ് ചെയ്ത ഋഷഭ് 36 പന്തില്‍ 57 റണ്‍സടിച്ചെടുക്കുകയും ചെയ്തു. ഡല്‍ഹിയെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും അത് ഒരു പോരാളിയുടെ ഇന്നിങ്‌സ് തന്നെയായിരുന്നു.

ബാംഗ്ലൂരിനെതിരെ ആദ്യം ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ തന്നെ അച്ഛനേക്കാള്‍ പണത്തിന് വില കല്‍പ്പിക്കുന്നവന്‍ എന്ന പരിഹാസം ഋഷഭ് കേട്ടിരുന്നു. പക്ഷേ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ അത് പുറത്തേക്ക് തള്ളുകയാണ് ഋഷഭ് ചെയ്തത്. അവന് അവന്റെ അച്ഛനെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതായി ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഏറെ അകലെ ഹരിദ്വാറില്‍  ഉറങ്ങുന്ന അച്ഛന്‍ ഏറ്റവും ആഗ്രഹിച്ച നിമിഷത്തിലേക്കാണ് താന്‍ വലതുകാല്‍ വെച്ച് ഇറങ്ങാന്‍ പോകുന്നതെന്ന ബോധ്യം അവനുണ്ടായിരുന്നു.

Rishabh Pant

വിസ്‌ഫോടക ബാറ്റിങ്ങാണ് തന്റെ മുഖമുദ്രയെന്ന് നേരത്തെ തന്നെ തെളിയിച്ച ഋഷഭിന്റെ കൂടെ അച്ഛന്റെ അനുഗ്രഹം കൂടി ഉള്ളതുകൊണ്ടായിരിക്കാം, ക്രീസിലെത്തി നേരിട്ട ആദ്യ പന്ത് തന്നെ അവന്‍ അതിര്‍ത്തി കടത്തി. ഋഷഭിനെ നിലയുറപ്പിക്കും മുമ്പ് പുറത്താക്കണമെന്ന് ആഗ്രഹിച്ച ഇഖ്ബാല്‍ അബ്ദുള്ളക്ക് മിഡ്-വിക്കറ്റിന് മുകളിലൂടെ കിട്ടിയ ശിക്ഷ.

പിന്നീട് ചഹലും ഉത്തരാഖണ്ഡില്‍ നിന്നുള്ള ആ പത്തൊമ്പതുകാരന് മുന്നില്‍ പതറി. അവസാനം ഋഷഭിനെ തളക്കാന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ പേസ് ബൗളറായ ടൈമല്‍ മില്‍സിനെ വിളിച്ചു. പക്ഷേ അവിടെയും രക്ഷ കണ്ടില്ല. മില്‍സിന്റെ സ്ലോബോളും പെയ്‌സ് ബോളും ഋഷഭ് ഒരുപോലെ നേരിട്ടു. അവസാനം വാട്‌സണ്‍ പന്ത് കൈയിലെടുത്തെങ്കിലും അവനെ തളക്കാനായില്ല.

''ഒരു നാടോടിക്കഥ പോലെയാണ് ഈ കളി മുന്നോട്ടു പോകുന്നത്. എല്ലാവരും ഋഷഭ് ലക്ഷ്യം ഭേദിക്കണമെന്ന് ആഗ്രഹിക്കുന്നു, ഡല്‍ഹി വിജയിച്ചാല്‍ അത് ശുഭം എന്നെഴുതിക്കാണിക്കുന്ന നാടോടിക്കഥയായി മാറും'' കളിക്കിടയില്‍ കമന്ററി ബോക്‌സിലിരുന്ന് ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ ഇങ്ങനെ വിളിച്ചു പറയുന്നുണ്ടായിരുന്നു.

പക്ഷേ പീറ്റേഴ്‌സണും രവി ശാസ്ത്രിയുമടങ്ങുന്ന കമന്റേറ്റര്‍മാരും ഡല്‍ഹിയുടെ ആരാധകരും ആഗ്രഹിച്ച ആ നിമിഷം മാത്രമുണ്ടായില്ല. ഋഷഭിനെ സ്വന്തം ടീം തന്നെ ചതിച്ചപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒരു കൂട്ടുകെട്ടുണ്ടാക്കിയെടുക്കാന്‍ ഋഷഭ് ശ്രമിച്ചെങ്കിലും ആരും കൂട്ടുനിന്നില്ല. 

അവസാനം എല്ലാം ഋഷഭിന്റെ തോളില്‍ വന്നു ചേര്‍ന്നു. അതുകൊണ്ടു തന്നെ അര്‍ധസെഞ്ചുറി നേടിയപ്പോഴും അവന്‍ അമിതാഹ്ലാദം കാണിച്ചില്ല. കാരണം അവന് മുന്നില്‍ അതിനേക്കാള്‍ വലിയ ദൗത്യമാണ് കാത്തിരിക്കുന്നുണ്ടായിരുന്നത്. താന്‍ എന്തുകൊണ്ടും സജ്ജമാണെന്ന് വിളിച്ചറിയിച്ച് ആശങ്ക നിഴലിച്ച മുഖവുമായി ഡഗ് ഔട്ടില്‍ ഇരിക്കുന്ന രാഹുല്‍ ദ്രാവിഡിന് അരികിലേക്ക് അവന്‍ ഒരു സിക്‌സ് പായിച്ചു. അതും മില്‍സിന്റെ സ്ലോ ബോള്‍ കൃത്യമായി അളന്നെടുത്ത് അടിച്ച് സിക്‌സ്. 

Rishabh Pant

19-ാം ഓവര്‍ എറിയാന്‍ വാട്‌സനെത്തുമ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തില്‍ 21 റണ്‍സായിരുന്നു. പക്ഷേ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന അമിത് മിശ്ര ഋഷഭിന് സ്‌ട്രൈക്ക് കൈമാറുന്നതിന് പകരം വാട്‌സനെ അടിച്ചൊതുക്കാന്‍ ശ്രമിച്ചു. അതില്‍ പന്ത് നഷ്ടപ്പെട്ടതല്ലാതെ കാര്യമൊന്നുമുണ്ടായില്ല. അങ്ങനെ അവസാന ആറു പന്തില്‍ ജയിക്കാന്‍ 19 റണ്‍സ് വേണമെന്ന അവസ്ഥ വന്നു. 

മത്സരത്തിലെ അവസാന ഓവര്‍ എറിയാനെത്തിയത് നേഗിയായിരുന്നു. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇടങ്കയ്യന്‍ സ്പിന്നറായ നേഗി ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ ഋഷഭിന്റെ ലെഗ്സ്റ്റമ്പ് പിഴുതു. പടിവാതില്‍ വരെ കൊണ്ടെത്തിച്ച ശേഷം കലമുടച്ചവനെപ്പോലെ ഋഷഭ് മൈതാനം വിട്ടു. തന്റെ കൈ കഴച്ചപ്പോള്‍ ആ കലം മാറ്റിപ്പിടിക്കാന്‍ മറ്റൊരു കൈ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഋഷഭ് ഓര്‍ത്തിട്ടുണ്ടാകാം. അപ്പോള്‍ പശ്ചാലത്തില്‍ ബാംഗ്ലൂര്‍ 15 റണ്‍സിന്റെ വിജയാഘോഷിത്തിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. 

അച്ഛന്‍ മരിച്ചതിന്റെ നാലാം ദിവസം രാജ്യത്തിനുവേണ്ടി ലോകകപ്പില്‍ കളിക്കാനിറങ്ങിയ സച്ചിന്‍ തെണ്ടുല്‍ക്കറും അതുപോലെ അച്ഛന്റെ മരണത്തിന് ശേഷം ഡല്‍ഹിയ്ക്കു വേണ്ടി രഞ്ജി ട്രോഫിയില്‍ ബാറ്റ് ചെയ്ത വിരാട് കോലിയും ഇതിന് മുമ്പ് ഋഷഭ് കടന്നുപോയ നിമിഷത്തിലൂടെ സഞ്ചരിച്ചവരാണ്. ഇരുവരും പിന്നീട് പകരംവെക്കാനില്ലാത്ത പ്രതിഭകളായി വളര്‍ന്നു. പത്തൊമ്പത് വയസ്സ് മാത്രം പ്രായമുള്ള ഋഷഭിന് മുന്നിലും അങ്ങനെയൊരു സ്വപ്‌ന കരിയറാണ് കാത്തിരിക്കുന്നത്. മൈതാനം വിട്ടുപോകുമ്പോഴെല്ലാം ഗാലറിയിലെ കൈയടി ശബ്ദം പശ്ചാത്തലത്തിലുയരുന്ന ഒരു കരിയര്‍.