ഐ.പി.എല്‍ ഓരോ സീസണും ഓരോ താരങ്ങളുടെ ഉദയത്തിന് വേദിയാകാറുണ്ട്. ഗോവയില്‍ വെയ്റ്റര്‍ ജോലി ചെയ്ത് പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളറായി മാറിയ കുല്‍വന്തിന്റെ കഥ നമ്മള്‍ നേരത്തെ കേട്ടതാണ്.

എന്നാല്‍ സിനിമാക്കഥയെ വെല്ലുന്ന മറ്റൊരു സ്വപ്‌നസാക്ഷാത്കാരം കൂടി ഈ ഐ.പി.എല്ലില്‍ സംഭവിച്ചിരിക്കുന്നു. ഇത്തവണ റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റിന്റെ താരമായ രാഹുല്‍ ത്രിപതിയാണ് ഈ കഥയിലെ നായകന്‍. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും പുണെയിലെ സഹതാരവുമായ മഹേന്ദ്ര സിങ് ധോനിയുടെ നാടായ റാഞ്ചിയില്‍ തന്നെയാണ് രാഹുല്‍ ത്രിപതിയും ജനിച്ചത്. ധോനിയോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഒരു നോക്ക് കാണാനായി ഒരിക്കല്‍ ത്രിപതിയും കാത്തു നിന്നിട്ടുണ്ടായിരുന്നു. ഇന്ന് അതേ ധോനിയോടൊപ്പം ത്രിപതി ക്രിക്കറ്റ് കളിച്ചു.

പുണെ ടീമിലെത്തിയ ശേഷം ആദ്യം പരിശീലനം നടത്തിയത് ധോനിയോടൊപ്പമായിരുന്നു. നെറ്റ്‌സില്‍ പരിശീലന സമയത്ത് ധോനി ത്രിപതിയോട് പറഞ്ഞു.''നമ്മള്‍ രണ്ട് പേരും രണ്ട് റൗണ്ട് വീതം ബാറ്റു ചെയ്യും.'' എന്നാല്‍ പേടിച്ചിട്ട് പിന്നീട് അടുത്ത ആറു പന്തുകളില്‍ തനിക്ക് ശരിക്ക് ബാറ്റു പോലും ചെയ്യാനായില്ലെന്ന് ത്രിപതി പറയുന്നു. അപ്പുറത്ത് ധോനി നോക്കികൊണ്ടു നില്‍ക്കുമ്പോള്‍ തന്റെ മുട്ടിടിക്കുകയായിരുന്നുവെന്നും ത്രിപതി പറഞ്ഞു.

എങ്ങനെയായാലും ഐ.പി.എല്ലില്‍ മികച്ച ബാറ്റിങ്ങാണ് രാഹുല്‍ ത്രിപതി പുറത്തെടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടി 93 റണ്‍സിന്റെ ഇന്നിങ്‌സ് എടുത്തുപറയേണ്ടതാണ്. ഐ.പി.എല്‍ ഈ എഡിഷനിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു അത്. 

കൊല്‍ക്കത്തയുടെ ബൗളിങ്ങിനെ അടിച്ചു തകര്‍ത്ത പുണെ ഓപ്പണര്‍ 52 പന്തില്‍ ഏഴു സിക്‌സിന്റെയും ഒമ്പത് ഫോറിന്റെയും അകമ്പടിയോടെയാണ് 93 റണ്‍സ് അടിച്ചെടുത്തത്. കുല്‍ദീപ് യാദവിനെ തുടര്‍ച്ചയായി മൂന്നു തവണ സിക്‌സിലേക്ക് പറത്തുകയും ചെയ്തു. 

26കാരനായ ത്രിപതി അഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രക്ക് വേണ്ടിയാണ് കളിക്കുന്നത്. അഭ്യന്തര ടിട്വന്റിയില്‍ 22 മത്സരങ്ങളില്‍ നിന്ന് 28.88 ശരാശരിയില്‍ 520 റണ്‍സ് ത്രിപതിയുടെ ക്കൗണ്ടിലുണ്ട്.