ന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിങ്ങിലൂടെ മാത്രമല്ല ആരാധകരുടെ ഹൃദയം കവര്‍ന്നത്, കളിക്കളത്തിലെ മാന്യമായ പെരുമാറ്റത്തിലൂടെ കൂടിയാണ്. സെഞ്ചുറിയടിക്കുമ്പോഴോ ടീം വിജയിക്കുമ്പോഴോ അമിതാഹ്‌ളാദമില്ലാതെയാണ് ദ്രാവിഡിന്റെ ആഘോഷങ്ങളുണ്ടാകാറുള്ളത്. എത്ര ചൂടുപിടിച്ച അവസ്ഥയിലാണെങ്കിലും എതിര്‍ താരത്തോട് ദേഷ്യം പിടിക്കാറില്ല. 

എന്നാല്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ തന്റെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച ആഘോഷമാണ് ദ്രാവിഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരിക്കലും ദ്രാവിഡില്‍ ഇത്രത്തോളം സന്തോഷം നമ്മള്‍ കണ്ടിട്ടുണ്ടാകില്ല. 

ബേസില്‍ തമ്പി എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സായിരുന്നു. ആ ഓവറില്‍ ഒരു വിക്കറ്റും കളഞ്ഞ് ഡല്‍ഹി സമ്മര്‍ദത്തിലായി. എന്നാല്‍ അപ്രതീക്ഷതമായി രണ്ട് ഫോര്‍ നേടി അമിത് മിശ്ര ഡല്‍ഹിയെ വിജയിപ്പിച്ചു. 

ഇതുകണ്ട് ആവേശമടക്കാനാകാതെ ഡഗ്ഔട്ടില്‍ ഇരിക്കുകയായിരുന്ന ദ്രാവിഡ് കസേരയില്‍ നിന്ന് എഴുന്നേറ്റ് കൈയ്യടിച്ച് ആഘോഷിക്കുകയായിരുന്നു. ആര്‍ത്തുവിളിച്ചായിരുന്നു ദ്രാവിഡിന്റെ ആഘോഷം. അപ്രതീക്ഷിതമായി കൈവന്ന വിജയത്തിന്റെ സന്തോഷവും അമ്പരപ്പും ദ്രാവിഡിന്റെ ആ ആഘോഷത്തിലുണ്ടായിരുന്നു.

ഏതായാലും ട്വിറ്ററില്‍ ദ്രാവിഡിന്റെ ഈ സന്തോഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ദ്രാവിഡിനെ ഇങ്ങനെ സന്തോഷിച്ചു കണ്ടത് ജീവിതത്തിലെ മനോഹരമായ നിമിഷമെന്നായിരുന്നു ആരാധകര്‍ ട്വീറ്റ് ചെയ്തത്.