.പി.എല്‍ പത്താം സീസണില്‍ ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. ഫോമിലല്ലാത്തതതിനെ തുടര്‍ന്ന് നാല് ഭാഗത്തു നിന്നും വിമര്‍ശനമേറ്റു വാങ്ങിയ ധോനി അവസാനം ബാറ്റു കൊണ്ട് അതിനെല്ലാം മറുപടി നല്‍കിയിരിക്കുന്നു. അവസാന പന്തില്‍ ഹൈദരാബാദിനെതിരെ പുണെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സായിരുന്നു. ക്രീസിലുണ്ടായിരുന്ന ധോനി ഒട്ടും സമ്മര്‍ദമില്ലാതെ സിദ്ധാര്‍ത്ഥ് കൗളിന്റെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് പുണെയ്ക്ക് വിജയം സമ്മാനിച്ചു.

34 പന്തില്‍ അഞ്ചു ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ പുറത്താകാതെ 61 റണ്‍സ് നേടിയ ധോനി ഈ സമീപകാലത്തൊന്നും ടിട്വന്റിയില്‍ ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. മധ്യനിരയില്‍ നന്നായി കളിച്ചു എന്നതിനൊപ്പം ഒരു മികച്ച ഫിനിഷറാണെന്ന്ത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ധോനി ചെയ്തത്. മനോജ് തിവാരിയോടൊപ്പം അവസാന 23 പന്തില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോനിയുണ്ടാക്കിയത്. ഇത് പുണെയുടെ വിജയത്തില്‍ നിര്‍ണായകമായി. 

ധോനിയുടെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ക്യാപ്റ്റന്‍ കൂളിനെതിരെ രംഗത്ത് വന്നിരുന്നു. ടിട്വന്റിയില്‍ ധോനിയുടെ കാലം കഴിഞ്ഞുവെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കുട്ടിക്രിക്കറ്റില്‍ ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ധോനി നേടിയതെന്നുമായിരുന്നു ഗാംഗുലിയുടെ പരാമര്‍ശം. എന്നാല്‍ ഇതിന് പിന്നാലെ പുണെയുടെ ക്യാപ്റ്റന്‍ സ്റ്റീസ് സ്മിത്തും ഗുജറാത്തിന്റെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ധോനിക്ക് പിന്തുണ പ്രഖ്യാപിച്ചു. 

ഇതുവരെയുള്ള മത്സരങ്ങള്‍ പരിഗണിക്കേണ്ടെന്നും ഇനിയും ഒരുപാട് മത്സരങ്ങള്‍ ധോനിക്ക് അവസരം തെളിയിക്കാനുണ്ടെന്നുമായിരുന്നു ഇരുവരുടെയും വാദം. ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും ധോനിക്ക് അനുകൂലമായി രംഗത്തെത്തി. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന് ആരുടെ മുന്നിലും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വോണ്‍ പ്രഖ്യാപിച്ചത്. പിന്തുണച്ചവരുടെ പ്രതീക്ഷ തെറ്റിക്കാതെ, സൗരവ് ഗാംഗുലിക്കുള്ള മറുപടിയാണ് ധോനി പുണെ ക്രിക്കറ്റ് അസോസിയേഷഷന്‍ സ്‌റ്റേഡിയത്തില്‍ നല്‍കിയത്.