.പി.എല്‍ വെറും കുട്ടിക്രിക്കറ്റ് മാത്രമല്ല, ഒരുപാട് പേരുടെ സ്വപ്‌നവും പ്രതീക്ഷയും കൂടിയാണ്. ഒരു ഇന്നിങ്‌സോ അതല്ലെങ്കില്‍ ഒരു സിക്‌സോ മതി ഓരോരുത്തരുടെയും ജീവിതം മാറിമറിയാന്‍. മുംബൈ ഇന്ത്യന്‍സിന്റെ പേസ് ബൗളര്‍ കുല്‍വന്ത് കെജ്‌റോലിയയുടെ ജീവിതത്തിലും ഐ.പി.എല്‍ ഒളിപ്പിച്ചുവെച്ചത് സ്വപ്‌നതുല്ല്യമായ നേട്ടങ്ങളാണ്. 

പത്ത് ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സിലെത്തിയ കുല്‍വന്ത് ആദ്യമായാണ് ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് 25 വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന യാത്ര കുല്‍വന്തിനെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല. പഠിക്കാന്‍ അത്ര മിടുക്കനല്ലാത്തതിനാല്‍ ചെറുപ്പത്തില്‍ തന്നെ പഠനം നിര്‍ത്തി. പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലായി. അതിന് തിരഞ്ഞെടുത്ത വഴിയാകട്ടെ, ഗോവയിലെ ഒരു ഹോട്ടലിലെ വെയ്റ്ററുടെ ജോലിയും. 

എന്നാല്‍ കുല്‍വന്തിന്റെ വിധിയെ ആര്‍ക്കും തടുക്കാനാകുമായിരുന്നില്ല. ക്രിക്കറ്റ് വേണ്ടെന്ന് വെച്ച കുല്‍വെന്ത് ഒടുവില്‍ ക്രിക്കറ്റില്‍ തന്നെ എത്തിച്ചേര്‍ന്നു. കുല്‍വന്തിന് നല്ലൊരു പേസ് ബൗളറാകാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ സുഹൃത്ത് ഡല്‍ഹിയിലേക്ക് വണ്ടി കയറാന്‍ ഉപദേശിക്കുകയായിരുന്നു. അഹമ്മദാബാദില്‍ സുഹൃത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസില്‍ പങ്കാളിയാകാന്‍ പോകുന്നുവെന്ന് അച്ഛനോടും അമ്മയോടും കള്ളം പറഞ്ഞാണ് കുല്‍വന്ത് ഡല്‍ഹിക്ക് വണ്ടി കയറിയത്. 

ഡല്‍ഹിയിലെത്തിയ കുല്‍വന്ത് എല്‍.ബി ശാസ്ത്രി ക്ലബ്ബില്‍ ചേര്‍ന്നു. ഗൗതം ഗംഭീര്‍, നിധീഷ് റാണ, ഉന്മുക്ത് ചന്ദ് തുടങ്ങിയ താരങ്ങള്‍ കളി പഠിച്ചു തുടങ്ങിയത് ഈ ക്ലബ്ബില്‍ നിന്നായിരുന്നു. എല്‍.ബി ശാസ്ത്രി ക്ലബ്ബില്‍വെച്ച് പരിശീലകന്‍ സഞ്ജയ് ഭരദ്വാജിനെ പരിചയപ്പെട്ടതോടെ കുല്‍വന്തിന്റെ തലവര മാറി. ഒരു നല്ല ഷൂ പോലും ധരിക്കാനില്ലാതിരുന്ന കുല്‍വന്തിനെ അവിടുത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ച് സഞ്ജയ് പരിശീലനം നല്‍കി. അങ്ങനെ മികൊച്ചൊരു ഇടങ്കയ്യന്‍ പേസറായി കുല്‍വന്തിനെ സഞ്ജയ് വളര്‍ത്തിയെടുക്കുകയായിരുന്നു. 

പിന്നീട് കുല്‍വന്ത് വിജയ് ഹസാരെ ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ ഇടം നേടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നെറ്റ്‌സിലെ പരിശീലന സമയത്താണ് കുല്‍വന്തിനെ ഡല്‍ഹി സ്റ്റെയ്റ്റ് ടീം സെലക്‌റ്റേഴ്‌സ് കണ്ടെത്തുന്നതും വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതും. ഇന്ന് തന്റെ ഗ്രാമവും കുടുംബവും തന്നെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുണ്ടെന്നും ഇതിനെല്ലാം താന്‍ കടപ്പെട്ടിരിക്കുന്നത് കോച്ച് സഞജയ് ഭരദ്വാജിനോടാണെന്നും കുല്‍വന്ത് പറയുന്നു. ഐ.പി.എല്ലിലെ അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയും കുല്‍വന്ത് പങ്കുവെയ്ക്കുന്നു.