റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ശനിയാഴ്ച്ച നടന്ന മത്സരത്തിലെ താരം പേസ് ബൗളര്‍ ജയദേവ് ഉനദ്ഘട്ടായിരുന്നു. ഹാട്രിക്ക് അടക്കം അഞ്ചു വിക്കറ്റുകള്‍ നേടി ഉനദ്ഘട്ട് മത്സരം പുണെയ്ക്ക് അനുകൂലമാക്കുകയും ചെയ്തു.

പുണെ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് പക്ഷേ പിടിച്ചുനില്‍ക്കാനായില്ല. നാല് ഓവറില്‍ മുപ്പത് റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് പോര്‍ബന്ദറില്‍ നിന്നുള്ള ഈ 25കാരന്‍ വീഴ്ത്തിയത്. 18-ാം ഓവറില്‍ യുവരാജ് സിങ്ങിന്റെയും നമാന്‍ ഓജയുടെയും വിക്കറ്റെടുത്ത ഓജ അവസാന ഓവറില്‍ ഹാട്രികും നേടി.

ഉനദ്ഘട്ടിന്റെ ഈ ഹാട്രിക് പ്രകടനത്തിന് പിന്നിലെ രഹസ്യമെന്തായിരിക്കും. അക്കാര്യം മത്സരശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഉനദ്ഘട്ട് വെളിപ്പെടുത്തി. ഹാട്രിക് പ്രകടനം നടത്താന്‍ തനിക്ക് ലഭിച്ച ഉപദേശം എന്ന കുറിപ്പോടെയാണ് ഉനദ്ഘട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

12 വയസ്സുകാരനായ ഓംകാര്‍ പവാര്‍ എന്ന വിദ്യാര്‍ഥിയാണ് ഉനദ്ഘട്ടിന്റെ ഹാട്രികിന് പിന്നില്‍. വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന്റെ ഭാഗമായി പുണെ താരങ്ങളായ സ്റ്റീവ് സ്മിത്തും ഫാഫ് ഡുപ്ലെസിസും ഉനദ്ഘട്ടും പുണെയിലെ എ.പി.എസ്.എസ് സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ശനത്തിനിടയില്‍ ഉനദ്ഘട്ട് 12കാരന്‍ ഓംകാര്‍ പവാറിനെ പരിചയപ്പെട്ടു. 

എങ്ങനെ ഹാട്രിക് എടുക്കണമെന്ന് ഓംകാര്‍ പുണെ ബൗളര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്തു. ഐ.പി.എല്‍ പോലുള്ള മത്സരങ്ങളില്‍ എങ്ങനെ ബൗള് ചെയ്യണമെന്നും ആ പന്ത്രണ്ടുകാരന്‍ ഉനദ്ഘട്ടിന് പറഞ്ഞുകൊടുക്കുന്നുണ്ട്. 

വീഡിയോ