രാജ്‌കോട്ട്‌: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തില്‍ ടിട്വന്റിയില്‍ ക്രിസ് ഗെയ്ല്‍ പതിനായിരം റണ്‍സ് തികച്ചപ്പോള്‍ ഗെയ്‌ലിനെ കുരുക്കി ബേസില്‍ തമ്പി ഐ.പി.എല്ലിലെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. പത്താം സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ഗെയ്ല്‍ ഗുജറാത്തിനെതിരെ 38 പന്തില്‍ 77 റണ്‍സടിച്ചാണ് പുറത്തായത്.

പക്ഷേ അതിന് മുമ്പ് ടിട്വന്റി ചരിത്രത്തില്‍ ആദ്യമായി പതിനായിരം റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡ് ഗെയ്ല്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഏഴു ഫോറും അഞ്ചു സിക്‌സും ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നു

ബേസില്‍ തമ്പിയുടെ മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഗെയ്ല്‍ പുറത്തായത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഗെയ്‌ലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി മലയാളി താരം ഐ.പി.എല്ലിലെ ആദ്യ വിക്കറ്റ് ഗംഭീരമാക്കി. ബാംഗ്ലൂര്‍ വെടിക്കെട്ടിനിടയിലും നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് ബേസില്‍ പുറത്തെടുത്തത്‌

ടിട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയും (18), അര്‍ധ സെഞ്ചുറിയും(60) ഗെയ്‌ലിന്റെ പേരിലാണ്. റോയല്‍ ചലഞ്ചേഴ്‌സിനായി ഗെയ്ല്‍ നേടിയ 175 റണ്‍സാണ് ടിട്വന്റിയിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. ഇതിലും അവസാനിക്കില്ല ഗെയ്‌ലിന്റെ റെക്കോര്‍ഡ്. 12 പന്തില്‍ അമ്പതടിച്ച ഗെയ്ല്‍ ഏറ്റവു വേഗത്തില്‍ അര്‍ധസെഞ്ചുറി നേടിയ താരവും ഏറ്റവും കൂടുതല്‍ സിക്‌സും (736), ഫോറും (764)നേടിയ താരമാണ്.