ഐപിഎല്‍ പത്താം സീസണിലെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദില്‍ അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഫൈനലില്‍ മഹാരാഷ്ട്ര ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അവര്‍ ടൂര്‍ണമെന്റിലെ മികച്ച ടീമുകള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയത്തിന് വകയില്ല. ലീഗ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും റൈസിങ് പുണെ ജയന്റ്‌സും. 

നാല് ഫൈനലുകളും രണ്ട് കിരീടങ്ങളുമുള്ള മുംബൈ ഐപിഎല്ലിലെ വമ്പന്‍മാരാണെങ്കില്‍ കഴിഞ്ഞ വര്‍ഷം മാത്രം എത്തിയ പുണെ ടൂര്‍ണമെന്റിലെ പുതുമുഖങ്ങളാണ്. 20 പോയിന്റുമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തിയതും മുബൈ തന്നെ. ഇവ മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഈ സീസണില്‍ തന്നെ മുംബൈയെ മൂന്ന് തവണ തോല്‍പിച്ച പുണെ യഥാര്‍ത്ഥത്തില്‍ മുന്‍ ചാംപ്യന്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ടൂര്‍ണമെന്റില്‍ മുംബൈ തോല്‍പിക്കാത്ത ഒരേയൊരു ടീമാണ് പുണെ. സീസണില്‍ ലീഗ് ഘട്ടത്തിലും പ്ലേ ഓഫിലുമായി കളിച്ച 16 മത്സരങ്ങളില്‍ അഞ്ചു മത്സരങ്ങളില്‍ മാത്രമാണ് മുംബൈ തോറ്റത്. ഇതില്‍ മൂന്നും പുണെയോടാണ്!

Pune Team
സീസണില്‍ മുംബൈക്ക് എതിരായ മൂന്ന് മത്സരത്തിലും പുണെ ജയിച്ചു.


പുണെയോടേറ്റ തോല്‍വിയോടെയാണ് മുംബൈ സീസണ്‍ ആരംഭിച്ചതുതന്നെ. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 184 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ രഹാനെയുടെയും (60) ക്യാപ്റ്റന്‍ സ്മിത്തിന്റെയും (84 നോട്ടൗട്ട്) മികവില്‍ ഒരു പന്ത് ശേഷിക്കേ ലക്ഷ്യം കണ്ടു. 

ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ വിജയങ്ങളോടെ മുംബൈ കുതിപ്പ് നടത്തി. ടൂര്‍ണമെന്റില്‍ കളിക്കുന്ന മറ്റ് ആറ് ടീമുകളെ മുംബൈ തുടര്‍ച്ചയായി തോല്‍പിച്ചു. കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, ഗുറാത്ത്, പഞ്ചാബ്, ഡെല്‍ഹി എന്നിങ്ങനെ ഓരോ ടീമുകളെയായി തോല്‍പിച്ച് മുന്നേറിയ മുംബൈ കുതിപ്പിന് വീണ്ടും പുണെ വിലങ്ങുതടിയായി.

എട്ടാം മത്സരത്തില്‍ പുണെയ്ക്ക് എതിരെ സ്വന്തം തട്ടകത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സ് എടുത്ത പുണെയ്ക്ക് മുന്നില്‍ മൂന്ന് റണ്‍സകലെ മുംബൈ വീണു. അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന മുംബൈക്ക് അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിതിന്റെ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ 20-ാം ഓവറില്‍ നഷ്ടമായതാണ് വിനയായത്. നാലോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ബെന്‍ സ്‌റ്റോക്‌സ് ആയിരുന്നു കളിയിലെ കേമന്‍.

Mumbai Indians
ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ടൂര്‍ണമെന്റിലെ മറ്റ് ആറ് ടീമുകളെയും തുടര്‍ച്ചയായി തോല്‍പിച്ച് മുംബൈയുടെ സ്വപ്‌നകുതിപ്പ്.


ഗുജറാത്ത് ലയണ്‍സിന് എതിരെയുള്ള അടുത്ത മത്സരം ടൈ ആയെങ്കിലും ജസ്പ്രീത് ബുംറയുടെ ഉജ്ജ്വലമായ സൂപ്പര്‍ ഓവറിന്റെ മികവില്‍ മുംബൈ ജയം പിടിച്ചുവാങ്ങി. പിന്നീടുള്ള മത്സരങ്ങളില്‍ ബാംഗ്ലൂരിനെയും ഡല്‍ഹിയെയും തോല്‍പിച്ച് മുംബൈ പ്ലേ ഓഫ് ഏതാണ്ടുറപ്പിച്ചെങ്കിലും പിന്നീട് ഹൈദരാബാദിനോടും പഞ്ചാബിനോടും തുടര്‍ച്ചയായി തോറ്റു. എന്നാല്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ശക്തരായ കൊല്‍ക്കത്തയെ തോല്‍പിച്ച് വിജയപഥത്തില്‍ തിരിച്ചെത്തിയ മുംബൈ പട്ടികയില്‍ ഒന്നാമന്‍മാരായി തന്നെ പ്ലേഓഫില്‍ എത്തി.

എന്നാല്‍, മുംബൈയെ തോല്‍പിച്ച് ടൂര്‍ണമെന്റില്‍ മികച്ച തുടക്കം ലഭിച്ച പുണെയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യ ജയത്തിന് ശേഷം മൂന്ന് തുടര്‍ തോല്‍വികളാണ് പുണെയെ കാത്തിരുന്നത്. പഞ്ചാബ്, ഡെല്‍ഹി, ഗുജറാത്ത് ടീമുകളോട് തോറ്റ ടീം പക്ഷേ പിന്നീട് തങ്ങളുടെ വഴി കണ്ടെത്തി. ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എന്നിവര്‍ക്ക് എതിരായ ജയത്തോടെ മുന്നേറിയ പുണെയ്ക്ക് ഇടയ്ക്ക് കൊല്‍ക്കത്തയ്ക്ക് എതിരെ കാലിടറി. എന്നാല്‍, വീണ്ടും ബാംഗ്ലൂര്‍, ഗുജറാത്ത്, കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകളെ തോല്‍പിച്ച പുണെ ഡല്‍ഹിയോട് രണ്ടാം തോല്‍വി വഴങ്ങിയെങ്കിലും പഞ്ചാബിനെതിരായ ജയത്തോടെ ലീഗില്‍ രണ്ടാംസ്ഥാനത്തെത്തി.

Dhoni_Rahane
ക്വാളിഫയര്‍ മത്സരത്തില്‍ അവസാന രണ്ടോവറിലെ ധോനിയുടെ വെടിക്കെട്ട് നിര്‍ണായകമായി.


ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ള ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ടൂര്‍ണമെന്റില്‍ മൂന്നാംതവണ മുംബൈയും പുണെയും നേര്‍ക്കുനേര്‍ വന്നു. ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ബാംഗ്ലൂരിലെ പിച്ചില്‍ 18 ഓവറില്‍ പുണെയ്ക്ക് കണ്ടെത്താനായത് മൂന്ന് വിക്കറ്റിന് 121 റണ്‍സ് മാത്രം. അജിങ്ക്യ രഹാനെയും (56) മനോജ് തിവാരിയും (58) അര്‍ധസെഞ്ച്വറി നേടിയ മത്സരത്തില്‍ അവസാന രണ്ടോവറിലെ വെടിക്കെട്ടില്‍ 41 റണ്‍സ് ചേര്‍ത്ത് മഹേന്ദ്ര സിങ് ധോനി ടീമിന് മാന്യമായ സ്‌കോര്‍ നല്‍കി. ധോനി 24 പന്തില്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ 40 റണ്‍സെടുത്തപ്പോള്‍ പുണെ സ്‌കോര്‍ 162ല്‍ എത്തി.

മറുപടി ബാറ്റിങ്ങില്‍ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ മുംബൈ പോരാട്ടം പുണെയുടെ സ്‌കോറിന് 20 റണ്‍സ് പിന്നില്‍ അവസാനിച്ചു. 52 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലിന് മാത്രമാണ് മുംബൈ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ജയത്തോടെ പുണെ നേരിട്ട് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ മുംബൈ രണ്ടാം ക്വാളിഫയറിനായുള്ള കാത്തിരിപ്പിലായി.

എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പിച്ച കൊല്‍ക്കത്തയായിരുന്നു രണ്ടാം ക്വാളിഫയറില്‍ മുംബൈയുടെ എതിരാളികള്‍. ടോസിന്റെ ആനുകൂല്യം ഒരിക്കല്‍ കൂടി തുണച്ചപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ബുംറയ്ക്കും കരണ്‍ ശര്‍മയ്ക്കും മുന്നില്‍ തകര്‍ന്നടിഞ്ഞു.

Mumbai_Kokata
രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ തോല്‍പിച്ച് മുംബൈ ഫൈനലില്‍.


ആദ്യ ഏഴോവറില്‍ തന്നെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്തയ്ക്ക് ഇഷാങ്ക് ജഗ്ഗി (28), സൂര്യകുമാര്‍ യാദവ് (31) എന്നിവരുടെ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ മൂന്നക്കം കടക്കുക പോലും ദുഷ്‌കരമാവുമായിരുന്നു. കരണ്‍ ശര്‍മ നാലും ബുംറ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കൊല്‍ക്കത്ത ഇന്നിങ്‌സ് 18.5 ഓവറില്‍ 107 റണ്‍സില്‍ അവസാനിച്ചു. ഹാര്‍ദിക് പാണ്ഡ്യ (45 നോട്ടൗട്ട്), രോഹിത് ശര്‍മ (26) എന്നിവരുടെ മികവില്‍ 33 പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ട മുംബൈ സീസണില്‍ കൊല്‍ക്കത്തയ്ക്ക് എതിരായ മൂന്നാം ജയത്തോടെ പുണെയ്‌ക്കൊപ്പം ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഒപ്പം ഫൈനലില്‍ അയല്‍ക്കാരുടെ പോരാട്ടത്തിന് കളമൊരുങ്ങുകയും ചെയ്തു.

മുംബൈക്ക് എതിരായ മൂന്ന് തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസത്തോടെ ഫൈനലിനിറങ്ങുന്ന പുണെ കന്നി ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ മൂന്നാം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം ഉന്നംവെക്കുന്ന മുംബൈക്ക് ഫൈനലിലെ ജയം പുണെയ്ക്ക് എതിരായ മധുരപ്രതികാരം കൂടിയാകും.