hashim amlaയാള്‍ ഒരിക്കലും ഒരു ടിട്വന്റിക്ക് ചേര്‍ന്ന ബാറ്റ്‌സ്മാനായിരുന്നില്ല. അക്രമണോത്സുകത അരികിലൂടെ പേരിന് പോലും പോയിട്ടില്ലാത്ത വളരെ ശാന്തനായി നിന്ന് പ്ലെയ്‌സ്‌മെന്റ് ഷോട്ട് അടിക്കാന്‍ മാത്രം അറിയുന്ന ബാറ്റ്‌സ്മാന്‍. ഒന്നിനെയും ഉപദ്രവിക്കാന്‍ താത്പര്യമില്ലാത്ത ആ വ്യക്തി എങ്ങനെ ടിട്വന്റിക്ക് ചേര്‍ന്നവനാകും? എന്നാല്‍ ഈ പൊതുധാരണ തിരുത്തിയെഴുതുന്ന ഇന്നിങ്‌സാണ് അയാള്‍ ഇന്‍ഡോറിലെ ഹോള്‍കര്‍ സ്‌റ്റേഡിയത്തില്‍ പിറന്ന ഒരൊറ്റ ഇന്നിങ്‌സിലൂടെ കാഴ്ച്ചവെച്ചത്. ആ തിരുത്തിയെഴുത്തില്‍ ടിട്വന്റിയിലെയും ഐ.പി.എല്ലിലെയും തന്റെ ആദ്യ സെഞ്ചുറി അയാള്‍ കുറിച്ചു. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, അയാള്‍ പന്തിനെ ഉപദ്രവിക്കാതെ തലോടിത്തന്നെയാണ് കുട്ടിക്രിക്കറ്റും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത്.

നിങ്ങള്‍ സംശയിക്കേണ്ട, പറഞ്ഞു വരുന്നത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയെക്കുറിച്ച് തന്നെയാണ്. ഒരു ക്ലാസ് ബാറ്റ്‌സ്മാന്‍ എങ്ങനെ ആയിരിക്കണം എന്നതിന് അംലയോളം പോന്ന ഉദാഹരണമില്ലെന്ന് നമുക്ക് തോന്നിപ്പോകും വിധത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ്‌ താരത്തിന്റെ ഇന്നിങ്‌സ്. ടൈമിങ്ങില്‍ കിറുകൃത്യം, ബൗളിങ്ങിലെ വേരിയേഷനുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി, സ്ലോ ബോളുകളുകള്‍ ഗാലറിക്ക് മുകളിലൂടെ സിക്‌സിലേക്കും യോര്‍ക്കറുകള്‍ സ്‌ട്രൈയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി ലൈനിലേക്കും...അംലയുടെ സെഞ്ചുറി ഇന്നിങ്‌സിനെ ഇങ്ങനെ ചുരുക്കിപ്പറയാം. 

ഓപ്പണറായി ഇറങ്ങി ക്രീസില്‍ നിന്ന് 60 പന്ത് നേരിട്ട അംല 104 റണ്‍സാണ് അടിച്ചെടുത്തത്. എട്ടു ഫോറും ആറും സിക്‌സും കണ്ട ഇന്നിങ്‌സിലൂടെ പത്താം സീസണിലെ രണ്ടാം സെഞ്ചുറിയും പിറന്നു. ടിട്വന്റിയിലെ അപകടകാരിയായ ലസിത് മലിംഗയെ അംല നേരിട്ട രീതിയാണ് ആ സെഞ്ചുറിയെ വേറിട്ടു നിര്‍ത്തുന്നത്. ആദ്യ ഓവറില്‍ തന്നെ തന്റെ ബാറ്റിന് മലിംഗയുടെ ബൗള്‍ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അംല വ്യകതമാക്കി. മലിംഗയുടെ ആദ്യ ഓവറിലെ രണ്ടാം പന്ത്(ഷോട്ട് പിച്ച്)ലോങ് ഓണിലൂടെ സിക്‌സിലേക്ക് പായിച്ചു അംല.  

ആ ഓവറിന് ശേഷവും സ്ലോ ബോളും യോര്‍ക്കറും ഫുള്‍ ടോസുമെന്ന വ്യത്യാസമില്ലാതെയായിരുന്നു അംലയുടെ ബാറ്റിങ്. 34 പന്തില്‍ അംല അര്‍ധസെഞ്ചുറി കുറിച്ചു. 16-ാം ഓവറിലായിരുന്നു മലിംഗ  അംലയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞത്. ലങ്കന്‍ താരത്തിന്റെ ഒരു സ്ലോ ബോള്‍ മസില്‍ പവര്‍ ഉപയോഗിച്ച് അംല സിക്‌സിലേക്ക് പറത്തി. നല്ല പേസില്‍ വന്ന വൈഡെന്ന് തോന്നിക്കുന്ന പന്ത് പോയിന്റിന് മുകളിലൂടെ വീണ്ടും ഗാലറിക്ക് മുകളിലൂടെ പായിച്ചു.

പിന്നീട് യോര്‍ക്കറുമായെത്തിയ മലിംഗയെ മനോഹരമായ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി ലൈനിനരികിലേക്ക്. അവസാനം വന്ന ഫുള്‍ ടോസില്‍ ക്യാച്ച് ലഭിക്കുമെന്ന് മലിംഗ ധരിച്ചെങ്കിലും അത് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടത്താന്‍തക്ക പരിചയസമ്പന്നത അംലക്കുണ്ടായിരുന്നു. അങ്ങനെ മുംബൈയുടെ ബൗളിങ് കുന്തമുനയുടെ ഒരോവറില്‍ 20 റണ്‍സെടുത്ത് അ്ംല തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ നിന്നു. 

ടിട്വന്റിയില്‍ 38 ഇന്നിങ്‌സ് കളിച്ച അംലയുടെ ഇതുവരെയുള്ള മികച്ച സ്‌കോര്‍ 97 റണ്‍സായിരുന്നു. അതുകൊണ്ടുതന്നെ അംലയുടെ ആദ്യ ടിട്വന്റി സെഞ്ചുറിയെ പ്രകീര്‍ത്തിക്കാന്‍ മറന്നു പോയവര്‍ ചുരുക്കമാണ്. ക്ലാസിക് ഷോട്ടുകളുടെ മറ്റൊരു ഉസ്താദായ എബി ഡിവില്ലിയേഴ്‌സ് ''വാട്ട് എ പ്ലെയര്‍, വാട്ട് എ ചാമ്പ്യന്‍'' എന്നാണ് കുറിച്ചത്.

ഫാഫ് ഡുപ്ലെസിസ് ഇതിഹാസമെന്ന് വിളിച്ചപ്പോള്‍ പാട്ട് പാടിയാണ് മോണി മോര്‍ക്കല്‍ അഭിനന്ദനവുമായെത്തിയത്. ലങ്കന്‍ ടൂറിനിടെ അംലയുടെ ബാറ്റിന്റെ ചൂടറിഞ്ഞ മലിംഗയെയാണ് ഓര്‍മ്മ വന്നതെന്നായിരുന്നു ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ ട്വീറ്റ്.  ഡേവിഡ് വാര്‍ണര്‍, ബ്രണ്ടന്‍ മക്കല്ലം, ശിഖര്‍ ധവാന്‍, മുഹമ്മദ് കൈഫ്, ആര്‍.പി സിങ്ങ് എന്നിങ്ങനെ നീളുന്നതാണ് അംലക്ക് വന്ന അഭിനന്ദന സന്ദേശങ്ങളുടെ പട്ടിക. 

ലാസ്റ്റ് ബോള്‍: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കിവി ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസണിന്റെ ഇന്നിങ്‌സ് മറന്നു കൊണ്ടല്ല അംലയെക്കുറിച്ച് ഇങ്ങനെ പറയുന്നത്. 51 പന്തില്‍ 89 റണ്‍സടിച്ച വില്ല്യംസണിന്റെ ആ ക്ലാസിക് ഇന്നിങ്‌സിന്റെ തുടര്‍ച്ച തന്നെയാണ് അംലയുടെ ക്ലാസ് പ്രകടനം.