ക്രിക്കറ്റില്‍ മാന്യതയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംല. ക്രീസില്‍ യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കുന്നവന്‍. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടയിലും അംല മാന്യമായ പെരുമാറ്റത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നു. അമ്പയറുടെ തീരുമാനത്തിനും കളിക്കാരുടെ വിലയിരുത്തലിനും കാത്തു നില്‍ക്കാതെ സ്വന്തം മന:സാക്ഷിയോട് നീതി പുലര്‍ത്തിയാണ് അംല ഗാലറിയുടെ കൈയടി നേടിയത്.

പഞ്ചാബ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അങ്കിത് ചൗധരിയുടെ പന്തില്‍ ഷോട്ടിന് ശ്രമിച്ച അംലക്ക് പിഴച്ചു. പന്ത് ബാറ്റില്‍ ചെറുതായി ഉരസി വിക്കറ്റ് കീപ്പര്‍ കേദര്‍ ജാദവിന്റെ കൈകളിലെത്തി. പന്ത് ബാറ്റില്‍ തട്ടിയോ എന്ന് ഉറപ്പില്ലാത്തതിനാല്‍ അങ്കിതും ജാദവും അപ്പീല്‍ ചെയ്തില്ല. 

എന്നാല്‍ അവരുടെ അപ്പീലിനും അമ്പയറുടെ തീരുമാനത്തിനും മുമ്പെ അംല ഔട്ടായെന്ന് സ്വയം പ്രഖ്യാപിച്ച് ക്രീസ് വിട്ടു ഡ്രസ്സിങ് റൂമിലേക്ക് നടന്നു. അംലയുടെ ഈ ക്ലാസ് സമീപനം കണ്ട് ബാംഗ്ലൂര്‍ കളിക്കാരും ആരാധകരും അമ്പരന്നു. അംലയുടെ ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എല്ലാവരും മനസ്സ്‌കൊണ്ടാണ് സല്യൂട്ട് അടിച്ചത്.