ബാറ്റിങ്ങില്‍ മാത്രമല്ല, നൃത്തത്തിലും മുന്നിലാണ് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ഐ.പി.എല്ലില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റിയും ഗെയ്ല്‍ തന്നെയാണ്.

പത്താം സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്നപ്പോഴും ഗെയ്ല്‍ തന്റെ ആഘോഷരീതി വിട്ടില്ല. 38 പന്തില്‍ 77 റണ്‍സടിച്ച ഇന്നിങ്‌സ് നൃത്തച്ചുവടുമായാണ് ഗെയ്ല്‍ ആഘോഷിച്ചത്.  ഗഗ്നം സ്‌റ്റൈല്‍ മാറ്റിപ്പിടിച്ച ഗെയ്ല്‍ സാള്‍ട്ട് ബേ സ്റ്റൈലിലുള്ള ചുവടുമായാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്.   തുര്‍ക്കിഷ് ചെഫായ സാള്‍ട്ട് ബീ പാചകം ചെയ്യുന്നതിനിടെ ഉപ്പിടുന്ന രീതിയാണ് സാള്‍ട്ട് ബീ എന്ന പേരില്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം ഗെയ്ല്‍ മുട്ടു കുത്തി നിന്ന് ഈ സ്റ്റൈല്‍ അനുകരിക്കുകയായിരുന്നു. ഐ.പി.എല്‍ എട്ടാം സീസണില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ആഘോഷരീതിയും ഗെയ്ല്‍ അനുകരിച്ചിരുന്നു.