വാംഖഡെ: പരിക്കും ഫോമില്ലായ്മയും കാരണം അവസാന ഇലവനില്‍ സ്ഥാനം നേടാനാകാതെ പോകുന്ന കളിക്കാരെക്കുറിച്ച് നമുക്കറിയാം. അത് സാധാരണ സംഭവവുമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്താമയ ഒരു കാരണത്താല്‍ കളിക്കാതിരുന്ന ഒരു താരമുണ്ട്. മറ്റാരുമല്ല, ഗുജറാത്ത് ലയണ്‍സിന്റെ ഓസീസ് താരം ആരോണ്‍ ഫിഞ്ച്. ബാറ്റും പാഡുമെല്ലാം അടങ്ങിയ ക്രിക്കറ്റ് കിറ്റില്ലാത്തതിനാലാണ് ഫിഞ്ച് കളിക്കാതിരുന്നത്‌.

ഫിഞ്ചിന് കിറ്റ് വാങ്ങിക്കാനുള്ള പണമില്ലാഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തത് എന്നു കരുതരുത്.  ക്രിക്കറ്റ് കിറ്റ് രാജ്‌കോട്ടില്‍ നിന്നും മുംബൈയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ഫിഞ്ച് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം കരക്കിരുന്ന് കണ്ടത്.

ടോസ് കഴിഞ്ഞപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്‌കോട്ടില്‍ നിന്ന് കിറ്റ് എത്താത്തതിനാല്‍ ഫിഞ്ച് കളിക്കുന്നില്ലെന്നും പകരം ജെയ്‌സണ്‍ റോയിയാണ് ഇറങ്ങുന്നതെന്നും റെയ്‌ന വ്യക്തമാക്കി. 

ഫിഞ്ചിന് ബാറ്റും പാഡും ജഴ്‌സിയും ഹെല്‍മെറ്റും നല്‍കാന്‍ സഹതാരങ്ങള്‍ തയ്യാറായിരുന്നിട്ടും ഫിഞ്ച് കളിക്കാനിറങ്ങിയില്ല എന്നതാണ് അതിലും ഗൗരവമായ കാര്യം. ഒരു ബാറ്റ് കമ്പനിയുമായി സ്‌പോണ്‍സര്‍ഷിപ് കരാര്‍ ഉള്ളതിനാല്‍ അവരുടെ ലോഗോ ഇല്ലാത്ത മറ്റൊരാളുടെ ബാറ്റുമായി ഫിഞ്ചിനു കളിക്കാന്‍ കഴിയുമായിരുന്നില്ല.

കരാര്‍ ലംഘനമാകും എന്നതിനാല്‍ ഫിഞ്ച് തന്നെയാണ് കളിക്കുന്നില്ല എന്ന തീരുമാനമെടുത്തത്. ഓസീസ് താരത്തിന്റെ ഈ നിലപാടിനെതിരെ ട്വിറ്ററില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.