ബെംഗളൂരു: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എന്തുപറ്റി എന്ന് അതിശയപ്പെടാത്തവര്‍ ആരുമില്ല. വിരാട് കോലിയെന്ന ക്യാപ്റ്റന്റെ കീഴില്‍ എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലുമടങ്ങുന്ന ബാറ്റിങ് നിരയുണ്ടായിട്ടും ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞു. ബാംഗ്ലൂരിന്റെ തോല്‍വിയില്‍ ട്രോളുകളിലൂടെ ആനന്ദിക്കുന്നവരും ഏറെയാണ്. എന്നാല്‍ വിരാട് കോലി ഈ പരാജയത്തെ വളരെ സത്യസന്ധമായ ഉത്തരത്തിലൂടെയാണ് നേരിടുന്നത്. 

''ഒരു ന്യായീകരണവും നിരത്താനാകാത്ത പരാജയമായിരുന്നു ഞങ്ങളുടേത്. കളിക്കാരെന്ന നിലയില്‍ ഞങ്ങളെ ഏറെ വേദനിപ്പിച്ചു. എല്ലാ തരത്തിലും വിജയിക്കാന്‍ പരിശ്രമിച്ചെങ്കിലും ഒന്നും പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ല. ചിലപ്പോള്‍ ഇങ്ങനെയെല്ലാം സംഭവിക്കും. കഴിഞ്ഞ വര്‍ഷം ഞങ്ങളെ സംബന്ധിച്ച് മികച്ച സീസണായിരുന്നു. പക്ഷേ ഈ വര്‍ഷം അതിനു നേരെ വിപരീതം സംഭവിച്ചു'' കോലി ബെംഗളൂരില്‍ നടന്ന ഒരു പ്രൊമോഷണല്‍ ചടങ്ങിനിടെ പറഞ്ഞു.

മോശം പ്രകടനത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പു കുത്തുന്ന ഒരു ടീമിനെ അടുത്ത മത്സരത്തിലേക്ക് തയ്യാറാക്കുക എന്നത് വളരെ ദുഷ്‌കരമായ കാര്യം തന്നെയാണ്. ഇത്രയും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഡ്രസ്സിങ് റൂമിലും അതുള്‍ക്കൊണ്ട് വേണം പെരുമാറുന്നത്. വളരെ ക്ഷമാപൂര്‍വ്വം. ഞങ്ങള്‍ ഇത്രയും നിരാശരായിട്ടും ടീമിനുള്ളതില്‍ അത് ഒരു പ്രശ്‌നമുണ്ടാക്കിയിട്ടില്ല. എല്ലാവരും സാഹചര്യം മനസ്സിലാക്കി പെരുമാറിയെന്നും കോലി പറയുന്നു.

ചിലപ്പോള്‍ അങ്ങേയറ്റം സങ്കടകരമായ അവസ്ഥയിലാണെങ്കിലും കളിക്കാര്‍ ചിരിച്ചുകൊണ്ടാണ് അവയെയെല്ലാം നേരിട്ടത്. ''വിഷാദത്തിലേക്ക് വീഴാന്‍ എളുപ്പമാണ്. തോല്‍വിയില്‍ കാരണക്കാരനായി മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടാനും. എന്നാല്‍ അത്തരമൊരു സാഹചര്യം ആരുമുണ്ടാക്കിയില്ല. എന്താണ് സംഭവിച്ചത് അത് എല്ലാവരും മനസ്സ്‌കൊണ്ട് അംഗീകരിച്ചു. ഒഴിസുമയത്തൊക്കെ ചിരിക്കാന്‍ ശ്രമിച്ചു. ചിലപ്പോഴൊക്കെ ഡ്രസ്സിങ് റൂമിലെ ചിരി പിടിച്ചു നിര്‍ത്താനായില്ല. ഒരു ടീമെന്ന നിലയില്‍ ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. ഇത് ഒന്നോ രണ്ടോ കളിക്കാര്‍ക്ക് മാത്രം സംഭവിച്ചതല്ല. ഞങ്ങള്‍ 11 പേരും ഒരുപോലെയായിരുന്നു'' കോലി പറയുന്നു.