കൊല്‍ക്കത്ത: ഐ.പി.എല്‍ പത്താം പൂരത്തിന്റെ വെടിക്കെട്ട് തീരും മുമ്പെ കോലിക്കും കൂട്ടര്‍ക്കും ഇനി നാട്ടിലേക്കുള്ള ലാസ്റ്റ് ബസ് പിടിക്കാം. റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിനെതിരായ മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ത്രിശങ്കുവിലായി. കഴിഞ്ഞ പത്തു മത്സരങ്ങളില്‍ ഏഴിലും പരാജപ്പെട്ട ബാംഗ്ലൂരിന്റെ അക്കൗണ്ടില്‍ ആകെ അഞ്ചു പോയിന്റ് മാത്രമാണുള്ളത്. അടുത്ത നാല് മത്സരങ്ങളും ജയിച്ചാല്‍ ബാംഗ്ലൂരുവിന് പ്ലേഓഫിലെത്താനുള്ള നേരിയ സാധ്യതയുണ്ട്.

പുണെ മുന്നോട്ടുവെച്ച 157 ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റിന് 96 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 61 റണ്‍സിന്റെ ഉജ്വല വിജയവും നേടി പുണെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി.

വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കത്തില്‍ തന്നെ പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ നഷ്ടമായ ബാംഗ്ലൂരിന്റെ വിക്കറ്റുകള്‍ ഓരോന്നായി നിലംപതിച്ചു. ഒരറ്റത്ത് ക്യാപ്റ്റന്‍ വിരാട് കോലി പിടിച്ചുനിന്നെങ്കിലും മറുവശത്ത് ഓരോരുത്തരും വന്നു പോയ്‌ക്കൊണ്ടുമിരുന്നു. കോലി 48 പന്തില്‍ 55 റണ്‍സ് നേടിയെങ്കിലും പുണെയുടെ വിജയം തടയാനായില്ല. 

imran thahir

ഫെര്‍ഗൂസന്റെയും താഹിറിന്റെയും ബൗളിങ്ങിന് മുന്നില്‍ പതറിയ ബാംഗ്ലൂര്‍ നിരയില്‍ കോലിയൊഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. ഡിവില്ലിയേഴ്‌സ് മൂന്ന് റണ്‍സിന് പുറത്തായപ്പോള്‍ മലയാളി താരം സച്ചിന്‍ ബേബി രണ്ട് റണ്ണിന് ക്രീസ് വിട്ടു. ഇമ്രാന്‍ താഹില്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റെടുത്തു. 

പുറത്താകാതെ 44 റണ്‍സ് നേടിയ മനോജ് തിവാരിയും 45 റണ്‍സടിച്ച സ്റ്റീവ് സ്മിത്തുമാണ് പുണെയുടെ ഇന്നിങ്സില്‍ തിളങ്ങിയത്. തിവാരി നാലം വിക്കറ്റില്‍ എം.എസ് ധോനിയോടൊപ്പം ചേര്‍ന്ന് പുറത്താകാതെ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ധോനി 17 പന്തില്‍ 21 റണ്‍സടിച്ചു. വിക്കറ്റ് കൈയിലുണ്ടായിട്ടും അവസാന ഓവറുകളില്‍ പുണെയ്ക്ക് സ്‌കോറിങ് വേഗത കൂട്ടാനായില്ല. രാഹുല്‍ ത്രിപതി 37 റണ്‍സെടുത്തപ്പോള്‍ രഹാനെ ആറു റണ്ണിന് പുറത്തായി. ബാംഗ്ലൂരിനായി സാമുവല്‍ ബദ്രിയും പവന്‍ നേഗിയും സ്റ്റുവര്‍ട്ട് ബിന്നിയും ഓരോ വിക്കറ്റ് വീഴ്ത്തി.