ബെംഗളൂരു: ഐപിഎല്‍ പത്താം എഡിഷനില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ശനിദശ ഒഴിയുന്നില്ല. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ഗുജറാത്തിനോട് ഏഴ് വിക്കറ്റിനാണ് മുട്ടുകുത്തിയത്. ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആറെണ്ണത്തിലും ബാംഗ്ലൂര്‍ തോറ്റു. രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒരു മത്സരം മഴ കൊണ്ടുപോയി.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം 13.5 ഓവറില്‍ മൂന്ന് വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ ഗുജറാത്ത് മറികടന്നു. 34 പന്തില്‍ 72 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും പുറത്താകാതെ 30 പന്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുമാണ് ഗുജറാത്തിന്റെ ജയം എളുപ്പമാക്കിയത്.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 135 റണ്‍സിന് എല്ലാവരും പുറത്തായി. 60 റണ്‍സെടുക്കുന്നതിനിടയില്‍ ആറ് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ട ബാംഗ്ലൂരിനെ 18 പന്തില്‍ 31 റണ്‍സെടുത്ത കേദാര്‍ ജാദവും 19 പന്തില്‍ നിന്ന് 32 റണ്‍സ് അടിച്ചെടുത്ത പവന്‍ നേഗിയുമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ക്രിസ് ഗെയില്‍ (11 പന്തില്‍ 8 റണ്‍സ്), വിരാട് കോലി (13 പന്തില്‍ 10 റണ്‍സ്), എബി ഡിവില്ല്യേര്‍സ് (11 പന്തില്‍ 5 റണ്‍സ്) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ബാംഗ്ലൂര്‍ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഗുജറാത്തിനായി ആന്‍ഡ്ര്യൂ ടൈ നാല് ഓവറില്‍ 12 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം ബേസില്‍ തമ്പിയാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ആറ് മത്സരങ്ങ മാത്രം കളിച്ച ഡെല്‍ഹി മാത്രമേ ബാംഗ്ലൂരിന് പിന്നിലുള്ളൂ. എട്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ഗുജറാത്ത് ഇപ്പോള്‍ ആറാംസ്ഥാനത്താണ്.